
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്സ്. -10.50 ശതമാനത്തില്‍ നിന്ന് -9.4 ശതമാനത്തിലേക്കാണ് റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി നിരക്ക് ഉയര്‍ത്തിയത്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സമ്പദ് വ്യവസ്ഥ മികച്ച രീതിയിലുളള തിരിച്ചുവരവ് നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതീക്ഷിത ജിഡിപി നിരക്ക് ഫിച്ച് ഉയര്‍ത്തിയത്.
'2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 9.4 ശതമാനം ചുരുങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ +11 ശതമാനം വളര്‍ച്ചയും (മാറ്റമില്ലാതെ) +6.3 ശതമാനം വളര്‍ച്ചയും (+0.3 പിപി) കണക്കാക്കുന്നു,' റേറ്റിംഗ് ഏജന്‍സി അതിന്റെ ആഗോള സാമ്പത്തിക വീക്ഷണത്തില്‍ പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ (2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ) ജിഡിപി 4.2 ശതമാനം വളര്‍ച്ച നേടിയതായി ഫിച്ച് റേറ്റിംഗ്‌സ് കണക്കാക്കുന്നു.
202021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പ്രവചനം നേരത്തെ 10.5 ശതമാനമായി കുത്തനെ കുറച്ചിരുന്നു. അഞ്ച് ശതമാനം സങ്കോചം ഉണ്ടാകുമെന്ന മുന്‍ അവലോകനത്തില്‍ നിന്നായിരുന്നു ഇത്തരത്തില്‍ -10.5 ലേക്ക് പ്രവചനം താഴ്ത്തിയത്.