
ന്യൂഡല്‍ഹി: ലോകത്തെ മൊത്തം സാമ്പത്തികമായി തളര്‍ത്തിയാണ് കൊറോണ വൈറസിന്റെ വരവുണ്ടായത്. 2020ന്റെ ആദ്യത്തില്‍ തന്നെ സാമ്പത്തിക ക്രമങ്ങള്‍ താളം തെറ്റിച്ചു ഈ പകര്‍ച്ച വ്യാധി. ചൈനയെയും യൂറോപ്പിനെയും അമേരിക്കയെയും വിറപ്പിച്ച ഈ രോഗം ഇന്ത്യയിലും ഒട്ടേറെ പേരുടെ ജീവനെടുത്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം പ്രധാന നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും നിലച്ചു. പല കമ്പനികളും ജോലിക്കാരുടെ എണ്ണം കുറച്ചു. 2008ലെ ആഗോള മാന്ദ്യം തിരിച്ചുവരുമോ എന്ന ആശങ്ക വീണ്ടും പരന്നു.
യൂറോപ്പിലെ പ്രബല ശക്തികളെല്ലാം തളരുന്നതായിരുന്നു 2020ലെ കാഴ്ച. എന്നാല്‍ ഇന്ത്യ പതിയെ ഭീഷണി മറികടന്നു. സാമൂഹിക ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും ജനങ്ങളുടെ കൈവശം പണം എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തിയും സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രതാപം തിരിച്ചുപിടിച്ചു. ഇപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് റേറ്റിങ് ഏജന്‍സികള്‍ സമ്മതിക്കുന്നു. ഇന്ത്യയുടെ 2021ലെ ജിഡിപി വളര്‍ച്ച 11 ശതമാനമാണ് എന്നായിരുന്നു റേറ്റിങ് ഏജന്‍സിയായ ഫിറ്റ്ച്ചിന്റെ മുന്‍ പ്രവചനം. എന്നാല്‍ അവര്‍ തങ്ങളുടെ പഴയ തീരുമാനം മാറ്റി.
ഇന്ത്യ 12.8 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് ഫിറ്റ്ച്ച് ഇപ്പോള്‍ പറയുന്നത്. ഇന്ത്യയുടെ വളര്‍ച്ച അതിവേഗമാണ് എന്ന് ഫിറ്റ്ച്ചിന്റെ ഗ്ലോബല്‍ ഇകണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണയ്ക്ക് മുമ്പുള്ള ജിഡിപി നിരക്കിലേക്ക് ഇന്ത്യ കഴിഞ്ഞ ഡിസംബറില്‍ തന്നെ എത്തി. രാജ്യത്ത് കൊറോണ രോഗം കുറഞ്ഞ സാഹചര്യമായിരുന്നു ഡിസംബറില്‍. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ആശങ്ക നിലനിന്നിരുന്നു എന്നത് മറ്റൊരു കാര്യം. ഈ വേളയിലാണ് ഇന്ത്യയുടെ വളര്‍ച്ച അതിവേഗമായതും. ജിഎസ്ടി കളക്ഷനും റെക്കോര്‍ഡിലെത്തി. എന്നാല്‍ മാര്‍ച്ച് പകുതി പിന്നിടുമ്പോള്‍ ഇന്ത്യയില്‍ വീണ്ടും കൊറോണ വ്യാപിക്കുകയാണോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍ കൂടുതലുള്ള മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം വന്‍ തോതിലാണ് രോഗ വ്യാപനം. ഇത് വീണ്ടും ജിഡിപിയെ ബാധിക്കുമോ എന്നാണ് ആശങ്ക.