വിമാന സർവീസുകൾ മെയ് 3 ന് ശേഷം; റദ്ദാക്കിയ ടിക്കറ്റുകൾക്ക് പണം തിരികെ നൽകില്ല; പകരം മറ്റൊരു ദിവസത്തേക്ക് യാത്ര അനുവദിക്കും

April 15, 2020 |
|
News

                  വിമാന സർവീസുകൾ മെയ് 3 ന് ശേഷം; റദ്ദാക്കിയ ടിക്കറ്റുകൾക്ക് പണം തിരികെ നൽകില്ല; പകരം മറ്റൊരു ദിവസത്തേക്ക് യാത്ര അനുവദിക്കും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടുകയും തുടർന്ന് എല്ലാ വാണിജ്യ പാസഞ്ചർ സർവീസുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതോടെ ആഭ്യന്തര വിമാനക്കമ്പനികൾ റദ്ദാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ഉപഭോക്താക്കൾക്ക് പണം തിരികെ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം ടിക്കറ്റ് അധിക ഫീസില്ലാതെ മറ്റൊരു ദിവസത്തേയ്ക്ക് വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.

കൊറോണ വൈറസ് പകർച്ചവ്യാധി തടയുന്നതിനായി മാർച്ച് 25 മുതൽ ഇന്ത്യ 21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. തൽഫലമായി, എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വാണിജ്യ യാത്രാ വിമാനങ്ങളും ഈ കാലയളവിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഏപ്രിൽ 14 ന് ശേഷമുള്ള കാലയളവിൽ ആഭ്യന്തര വിമാന സർവീസുകൾക്കായി ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഒഴികെയുള്ള മിക്ക വിമാനക്കമ്പനികളും ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മൂന്ന് വരെ ലോക്ക്ഡൌൺ നീട്ടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടർന്ന് എല്ലാ വിമാനക്കമ്പനികളും പ്രവർത്തനങ്ങൾ 2020 മെയ് 3 വരെ താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്നാണ് ഡിജിസിഎ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ ദിവസങ്ങളിലെ ബുക്കിംഗ് 2020 ഡിസംബർ 31 വരെ മറ്റൊരു തീയതിയിലേക്ക് ഉപഭോക്താക്കൾക്ക് സൌജന്യമായി ഷെഡ്യൂൾ ചെയ്യാമെന്ന് വിസ്താര വക്താവ് പ്രസ്താവനയിൽ പറഞ്ഞു. റീ ബുക്കിംഗ് സമയത്ത് നിരക്ക് വ്യത്യാസമുണ്ടെങ്കിൽ അത് നൽകേണ്ടിവരുമെന്ന് എയർലൈൻ അറിയിച്ചു.

ഒരു വർഷത്തേക്ക് നിലവിലുള്ള ബുക്കിംഗുകൾ പരിരക്ഷിക്കുന്നതിനൊപ്പം പിന്നീടുള്ള തീയതിയിൽ പുനക്രമീകരണം സൗജന്യമായി നൽകാനുള്ള മുൻ പദ്ധതി എയർലൈൻ അവലോകനം ചെയ്യുമെന്ന് ഗോ എയർ വക്താവ് പറഞ്ഞു. പ്രൊട്ടക്റ്റ് യുവർ പി‌എൻ‌ആർ" പദ്ധതി 2020 ഏപ്രിൽ 30 വരെ നീട്ടുന്നതായി എയർലൈൻ തിങ്കളാഴ്ച അറിയിച്ചിരുന്നു.

മെയ് 3 വരെ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കുമെന്ന് അറിയിച്ച ഇൻഡിഗോ, റിസർവേഷനുകൾ റദ്ദാക്കുന്ന പ്രക്രിയയിലാണ്. ഉപഭോക്താക്കളുടെ ടിക്കറ്റ് തുക പി‌എൻ‌ആറിലെ ക്രെഡിറ്റ് ഷെല്ലിന്റെ രൂപത്തിൽ പരിരക്ഷിച്ചിരിക്കും. ഇത് ഇഷ്യു ചെയ്ത് ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാൻ കഴിയും. റദ്ദാക്കിയ ടിക്കറ്റിൽ നിന്നുള്ള തുക ക്രെഡിറ്റ് ഷെല്ലിൽ സൂക്ഷിക്കുമെന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള സ്‌പൈസ് ജെറ്റും അറിയിച്ചു. ക്രെഡിറ്റ് ഷെല്ലിൽ സൂക്ഷിക്കുന്ന പണം പുതിയ ബുക്കിംഗിനും 2021 ഫെബ്രുവരി 28 വരെ അതേ യാത്രക്കാർക്കും ഉപയോഗിക്കാമെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.

ലോക്ക്ഡൌണിനെക്കുറിച്ച് വ്യക്തതയില്ലാതെ ടിക്കറ്റ് വിൽക്കുന്നത് ഉപഭോക്താക്കളോടുള്ള അന്യായമാണെന്ന് ഏവിയേഷൻ കൺസൾട്ടൻസി സെന്റർ ഫോർ ഏഷ്യ പസഫിക് ഏവിയേഷൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മുമ്പത്തെ കിംഗ്ഫിഷർ എയർലൈൻസിന്റെയും ജെറ്റ് എയർവേസിന്റെയും ഉപഭോക്താക്കൾക്ക് അവരുടെ പണം വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കാപ്പ വ്യക്തമാക്കി. പണത്തിന്റെ അഭാവം മൂലം നിരവധി ഇന്ത്യൻ വിമാനക്കമ്പനികൾ മെയ് അല്ലെങ്കിൽ ജൂൺ മാസങ്ങളിൽ പ്രവർത്തനം നിർത്തിവച്ചേക്കാമെന്ന് കാപ്പ മാർച്ച് 18 ലെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved