
ബെംഗലൂരു: ഉത്സവ സീസണുകളില്‍ വമ്പന്‍ വളര്‍ച്ച നേടാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടിനും ആമസോണിനും സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ ഓഫറുകളും മറ്റും കൊണ്ട് വിപണി കീഴടക്കാമെന്നാണ് ഓണ്‍ലൈന്‍ ഭീമന്മാര്‍ കരുതിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25 മുതല്‍ 27 ശതമാനം വരെ വളര്‍ച്ച മാത്രമേ ഇവര്‍ക്ക് നേടാന്‍ സാധിക്കൂ എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക രംഗം സാരമായ മാന്ദ്യം നേരിടുന്നതും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണമില്ലാത്തതുമാണ് വിപണിയിലെ അനിശ്ചിതത്വത്തിന് കാരണം.
മാത്രമല്ല ലോജിസ്റ്റിക്‌സ് കമ്പനികള്‍ അടക്കം പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓണ്‍ലൈന്‍ വിപണിയുമായി ബന്ധപ്പെട്ട മാര്‍ക്കറ്റ് കുറഞ്ഞ് വരികയാണ്. കഴിഞ്ഞ് വര്‍ഷം ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിയില്‍ 35 ശതമാനം ഗ്രോസ് മര്‍ച്ചന്‍ഡൈസ് മൂല്യത്തിന് തുല്യമായ വളര്‍ച്ചയാണുണ്ടായത്. ഉത്സവ സീസണില്‍ ഏകദേശം മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണിയാണ് നടന്നത്. ഒക്ടോബറോടു കൂടി അഞ്ചു ബില്യണ്‍ യുഎസ് ഡോളര്‍ (36000 ഇന്ത്യന്‍ രൂപ) മൂല്യമുള്ള വില്‍പന നടത്തണമെന്നാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ലക്ഷ്യം വെച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭീമനായ ഫ്ളിപ്പ്കാര്‍ട്ടിന്റെ വന്‍ ഓഹരി ന്യൂയോര്‍ക്ക് ഹെഡ്ജ് ഫണ്ടായ ടൈഗര്‍ ഗ്ലോബല്‍ വാങ്ങിയെന്ന വാര്‍ത്ത അടുത്തിടെ നാം അറിഞ്ഞിരുന്നു. 14 മില്യണ്‍ യുഎസ് ഡോളറിന്റെ ഓഹരിയാണ് ഫ്ളിപ്പ്കാര്‍ട്ട് വിറ്റത്. ഡാറ്റാ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പേപ്പര്‍ വിസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് മൂന്നാം തവണയാണ് ഫ്ളിപ്പ്കാര്‍ട്ട് ഉടമയായ ബിന്നി ബെന്‍സാല്‍ ഓഹരി വില്‍ക്കുന്നത്.
47,759 ഇക്വിറ്റി ഷെയറുകള്‍ ഇന്റര്‍നെറ്റ് ഫണ്ട് 3 പിറ്റിഇ ലിമിറ്റഡിനും 54,596 ഷെയറുകള്‍ ടൈഗര്‍ ഗ്ലോബല്‍ എയ്റ്റ് ഹോള്‍ഡിങ്സിനുമാണ് വിറ്റത്. ഓഹരി വിറ്റ തുക 14.5 മില്യണ്‍ യുഎസ് ഡോളറാകാമെന്നും ഇത് ഇടപാട് നടന്നതിന്റെ ശരാശരി തുകയാണെന്നും പേപ്പര്‍ വിസി സഹസ്ഥാപകനായ വിവേക് ദുരൈ പറയുന്നു. അടുത്തിടെ ഫ്ളിപ്പ് കാര്‍ട്ടിന്റെ മൂല്യത്തിലുണ്ടായ വര്‍ധന കൂടി കണക്കിലെടുത്താല്‍ ഇത് 25 മില്യണ്‍ യുഎസ് ഡോളര്‍ വരെയാകാമെന്നും കമ്പനിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.