മിന്ത്രയുടെ സിഇഒയായി നന്ദിത സിന്‍ഹയെ നിയമിച്ചു

November 12, 2021 |
|
News

                  മിന്ത്രയുടെ സിഇഒയായി നന്ദിത സിന്‍ഹയെ നിയമിച്ചു

ബംഗളൂരു: ഫ്‌ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ പോര്‍ട്ടലായ മിന്ത്രയുടെ സിഇഒയായി നന്ദിത സിന്‍ഹയെ നിയമിച്ചു. അമര്‍ നഗരാമിന് പകരക്കാരിയായാണ് നന്ദിതയെത്തുന്നത്. ഇതാദ്യമായാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വനിത സിഇഒ എത്തുന്നത്. അടുത്ത വര്‍ഷം ജനുവരി ഒന്നിന് സിന്‍ഹ മിന്ത്രയുടെ സിഇഒയായി ചുമതലയേല്‍ക്കും.

സ്വന്തം കമ്പനി തുടങ്ങുന്നതിനായാണ് നഗരാം മിന്ത്ര വിടുന്നത്. അതേസമയം, നന്ദിത സിന്‍ഹ സിഇഒയായി എത്തുമെന്ന വിവരം ഫ്‌ലിപ്കാര്‍ട്ട് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നുള്ള നഗരാമിന്റെ പടിയിറക്കം. 2013 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലുള്ള നന്ദിത സിന്‍ഹ കമ്പനിയുടെ കസ്റ്റമര്‍ ഗ്രോത്ത്, മീഡിയ ആന്‍ഡ് എന്‍ഗേജ്‌മെന്റ് വൈസ് പ്രസിഡന്റാണ്. ഫ്‌ലിപ്കാര്‍ട്ടിന്റെ ഓഫര്‍ സെയിലായ ബിഗ് ബില്യണ്‍ ഡേയ്‌സിന് പിന്നിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫ്‌ലിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയുടെ വിശ്വസ്തയുമാണ് നന്ദിത സിന്‍ഹ. കോവിഡ് തിരിച്ചടിയില്‍ നിന്ന് ഫ്‌ലിപ്കാര്‍ട്ട് കരകയറുന്നതിനിടെയാണ് നന്ദിത സിന്‍ഹ മിന്ത്രയുടെ സി.ഇ.ഒയായി എത്തുന്നത്. 2007ലാണ് ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ഇ-കോമേഴ്‌സ് സൈറ്റായ മിന്ത്രക്ക് തുടക്കം കുറിക്കുന്നത്. 2014ല്‍ ഫ്‌ലിപ്കാര്‍ട്ട് മിന്ത്രയെ ഏറ്റെടുത്തു. 2021ല്‍ മിന്ത്ര അവരുടെ ലോഗോയില്‍ മാറ്റം വരുത്തിയിരുന്നു.

Read more topics: # myntra, # മിന്ത്ര,

Related Articles

© 2025 Financial Views. All Rights Reserved