
ഏഴു ദിവസത്തോളം നീണ്ടുനിന്ന ഫ്ളിപ്കാര്‍ട്ടിന്റെ ദ് ബിഗ് ബില്യണ്‍ ഡേയ്സ് ഓഫര്‍ വില്‍പ്പനയില്‍ ഇത്തവണയും റെക്കോഡകളുടെ പെരുമഴ. ഫ്ളിപ്കാര്‍ട്ട് തന്നെയാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. 11,500 കോടി രൂപ ഉപഭോക്താക്കള്‍ ലാഭിച്ചുവെന്നു വ്യക്തമാക്കി കൊണ്ടാണ് കമ്പനി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 3.75 ലക്ഷത്തിലധികം വ്യാപാരികളാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഓഫര്‍ വില്‍പ്പനയുമായി സഹകരിച്ചത്.
മൊബൈല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങള്‍ തന്നെയായിരുന്നു ഇക്കൊല്ലത്തേയും ശ്രദ്ധാകേന്ദ്രം. അതേസമയം വളരെ വ്യത്യസ്തമായ വില്‍പ്പന റിപ്പോര്‍ട്ടാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബില്യണ്‍ ഡേയ്സ് അവസാനിക്കുന്നതിനൊപ്പം തന്നെ ദീപവാലി ഓഫറുകള്‍ ഉടനുണ്ടാകുമെന്നു വ്യക്തമാക്കിയാണ് കമ്പനി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
വിറ്റഴിച്ച ഫോണുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ക്രമീകരിച്ചാല്‍ 1000 ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരം വരുമെന്നാണു ഫ്ളിപ്കാര്‍ട്ടിന്റെ വാദം. വില്‍പ്പന കാലയളവില്‍ ഒരോ സെക്കന്‍ഡിലും രണ്ടു വാച്ചുകള്‍ വീതം വിറ്റു. വിറ്റഴിച്ച കിടക്കള്‍ ഒന്നിനൊട് ഒന്ന് ചേര്‍ത്താല്‍ 25 ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപം വരുമെന്നും കമ്പനി വ്യക്തമാക്കി. അതി പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിന്റെ ഇരിപ്പിടങ്ങള്‍ക്കു സമമായ സോഫകള്‍ ഓഫറില്‍ വിറ്റഴിച്ചു. ഒരു മണിക്കൂറില്‍ വിറ്റഴിച്ച ചായപ്പൊടി കൊണ്ട് 50 ലക്ഷം കപ്പ് ചായ ഉണ്ടാക്കാനാകും.
24 മണിക്കൂറില്‍ 1.2 ലക്ഷം ചോക്ലേറ്റ് ബാറുകള്‍ വിറ്റഴിച്ചു. വിറ്റഴിച്ച ചെരുപ്പുകളുടെ കവറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ക്രമീകരിച്ചാല്‍ എവറസ്റ്റ് കൊടിമുകിയേക്കാള്‍ 100 മടങ്ങ് ഉയരം വരും. ഒമ്പതു ലക്ഷം പ്ലേറ്റ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാനാവശ്യമായ പാചക എണ്ണയാണ് ഓഫറില്‍ വിറ്റത്. 15 നീല തിമിംഗലത്തിന്റെ ഭാരം വരും വിറ്റഴിച്ച ആട്ടയ്ക്കും പരിപ്പിനും. വിറ്റഴിച്ച ഫ്രിഡ്ജുകള്‍ക്കു 5.5 കോടി പാനിയങ്ങളെ ഒരേസമയം ശീതീകരിക്കാനാകും.
വിപണിയില്‍ വിറ്റ രണ്ട് ഹാന്‍ഡ് ബ്ലെന്‍ഡറുകളില്‍ ഒന്ന് ഫ്ളിപ്കാര്‍ട്ട് വഴിയാണ് വിറ്റത്. വിറ്റഴിച്ച ബള്‍ബുകള്‍ക്ക് അഞ്ച് ഈഫല്‍ ടവറുകളെ പ്രകാശിപ്പിക്കാനാകും. അമേരിക്കന്‍ ജനസംഖ്യയുടെ മൂന്നു മടങ്ങ് ആളുകളാണ് ഓഫര്‍ കാലയളവില്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചത്. ഏകദേശം 36 ലക്ഷം പേര്‍ ഓഫറിന്റെ ഭാഗമായുള്ള ഗെയിമുകള്‍ കളിച്ചു. 20 കോടി മൂല്യമുള്ള കിഴിവുകള്‍ രണ്ടു കോടിയോളം ആളുകള്‍ കൈവരിച്ചു. ഓഫറുകള്‍ക്കായി ഉപയോഗപ്പെടുത്തിയ ഇഎംഐകളുടെ മൂല്യം കൊണ്ട് 11 ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യത്തിലെത്തിക്കാം. ഓര്‍ഡര്‍ ലഭിച്ച് 13 മിനിറ്റിനുള്ളില്‍ ഫോണ്‍ ഡെലിവറി നല്‍കി റെക്കോഡിട്ടു. ഓര്‍ഡര്‍ നല്‍കി 10 മിനിറ്റിനുള്ളില്‍ അടുക്കള ഉല്‍പ്പന്നങ്ങള്‍ ഡെലിവറി നല്‍കി റെക്കോഡിട്ടു. സൂപ്പര്‍ കോയിനുകള്‍ വഴി ആളുകള്‍ 116 കോടി രൂപ ലാഭിച്ചുവെന്നും വ്യത്യസ്തമായ വില്‍പ്പന റിപ്പോര്‍ട്ട് പറയുന്നു.