
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് സംരംഭമായ ഫ്‌ലിപ്കാര്‍ട്ട് തങ്ങളുടെ വിതരണ ശൃംഖലയിലെ പ്ലാസ്റ്റിക് പാക്കേജിംഗിന്റെ ഉപയോഗം പകുതിയായി കുറച്ചതായി പ്രഖ്യാപിച്ചു. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഈ മാസം മുതല്‍ പേപ്പര്‍ അധിഷ്ഠിത പാക്കേജിംഗ് ഉപയോഗത്തിലൂടെ പ്ലാസ്റ്റിക് പാക്കേജിംഗ് ഘട്ടംഘട്ടമായി കുറയ്ക്കാനാരംഭിച്ചു.
വിതരണ ശൃംഖലയില്‍ സുസ്ഥിര പാക്കേജിംഗ് സാമഗ്രികള്‍ വിലയിരുത്തുന്നതിനും അവതരിപ്പിക്കുന്നതിനുമായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫ്‌ലിപ്കാര്‍ട്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞു. മാലിന്യമുക്തിയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി, വിതരണ ശൃംഖലയിലെ പ്ലാസ്റ്റിക് പാക്കേജിംഗ് കുറയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
മഹാരാഷ്ട്രയിലെ ഫ്‌ലിപ്കാര്‍ട്ടിന്റെ സപ്ലൈ ചെയിന്‍ ആസ്തികളില്‍ പാക്കേജിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സെക്യൂരിറ്റി ബാഗുകള്‍ മാറ്റി പകരം കടലാസ് കൊണ്ട് നിര്‍മ്മിച്ച സുരക്ഷാ എന്‍വലപ്പുകള്‍ ഉള്‍പ്പെടുത്തുന്നു. കൂടാതെ, എല്ലാ ഫില്ലറുകളും റാപ്പിംഗ് ഫിലിമുകളും റീസൈക്കിള്‍ ചെയ്ത പേപ്പറില്‍ നിന്ന് നിര്‍മ്മിച്ച കുഷ്യന്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയും ചെയ്തു.
പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഫ്‌ലിപ്കാര്‍ട്ട് പ്രതിജ്ഞാബദ്ധമാണെന്നും സുസ്ഥിര സംരംഭങ്ങളില്‍ വിവിധ പങ്കാളികളുമായി ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിസ്ഥിതി അവബോധം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നുവെന്നും ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പ് ചീഫ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസര്‍ രജനീഷ് കുമാര്‍ പറഞ്ഞു.