ഫ്‌ലിപ്കാര്‍ട്ടും അദാനി ഗ്രൂപ്പും തമ്മില്‍ വാണിജ്യ പങ്കാളിത്തം; നിര്‍ണ്ണായക പ്രഖ്യാപനം

April 12, 2021 |
|
News

                  ഫ്‌ലിപ്കാര്‍ട്ടും അദാനി ഗ്രൂപ്പും തമ്മില്‍ വാണിജ്യ പങ്കാളിത്തം; നിര്‍ണ്ണായക പ്രഖ്യാപനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണന കേന്ദ്രമായ ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ അദാനി ഗ്രൂപ്പുമായി തന്ത്രപരവും വാണിജ്യപരവുമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ എന്‍ഡ്-ടു-എന്‍ഡ് ലോജിസ്റ്റിക് സേവന ദാതാക്കളും അദാനി പോര്‍ട്‌സ് & സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയുമായ അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട് പ്രവര്‍ത്തിക്കും. ഇതിലൂടെ അതിവേഗം വളരുന്ന ഉപഭോക്തൃ അടിത്തറയെ കൂടുതല്‍ മികവോടെ പരിപാലിക്കാന്‍ ആകുമെന്നാണ് ഫ്‌ളിപ്കാര്‍ട്ട് കണക്കു കൂട്ടുന്നത്.   

കൂടാതെ, ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ മൂന്നാമത്തെ ഡാറ്റാ സെന്റര്‍ ചെന്നൈയിലെ അദാനികോണെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആസ്ഥാനത്ത് സ്ഥാപിക്കും. ഇതിലൂടെ അദാനികോനെക്‌സിന്റെ ലോകോത്തര വൈദഗ്ധ്യവും വ്യവസായ രംഗത്തെ പ്രമുഖ ഡാറ്റാ സെന്റര്‍ ടെക്‌നോളജി സൊല്യൂഷനുകളും പ്രയോജനപ്പെടുത്തും. എഡ്ജ്‌കോണെക്‌സും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അദാനികോണെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ക്ലൗഡ് വിന്യാസങ്ങളിലൊന്നാണ് ഈ കേന്ദ്രം. ഈ ഡാറ്റാ സെന്ററിലൂടെ ഈ കൊമേഴ്‌സ് വിപണിയില്‍ മുന്നേറുന്നതിന് സാങ്കേതികമായി ഫ്‌ളിപ്കാര്‍ട്ട് കൂടുതല്‍ പ്രാപ്തമാകും.   

അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് മുംബൈയില്‍ സജ്ജമാക്കുന്ന ലോജിസ്റ്റിക്‌സ് ഹബ്ബില്‍, ഈ പങ്കാളിത്തത്തിന്റെ ഭാഗമായി 5,34,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫുള്‍ഫില്‍മെന്റ് സെന്റര്‍ നിര്‍മിച്ച് ഫ്‌ളിപ്കാര്‍ട്ടിന് പാട്ടത്തിന് നല്‍കും. പശ്ചിമ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഇ-കൊമേഴ്‌സ് ആവശ്യകതയെ അഭിമുഖീകരിക്കുന്നതിനുംമേഖലയിലെ ആയിരക്കണക്കിന് വില്‍പ്പനക്കാരുടെയും എംഎസ്എംഇകളുടെയും ഇ-കൊമേഴ്‌സ് വിപണി പ്രവേശനത്തിനും ഇത് സഹായകമാകുമെന്ന് കമ്പനി വിലയിരുത്തുന്നു.

അത്യാധുനിക സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്ന ഈ കേന്ദ്രം 2022 മൂന്നാം പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് സമയത്തും 10 ദശലക്ഷം യൂണിറ്റ് ചരക്കുകള്‍ സൂക്ഷിക്കാനുള്ള ശേഷിയുണ്ടാകും. എംഎസ്എംഇകളെയും വില്‍പ്പനക്കാരെയും പിന്തുണയ്ക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനൊപ്പം, ഈ കേന്ദ്രം പ്രാദേശിക തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2,500 നേരിട്ടുള്ള ജോലികളും ആയിരക്കണക്കിന് പരോക്ഷ ജോലികളും സൃഷ്ടിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved