ഫ്ളിപ്കാര്‍ട്ടും മിന്‍ത്രയും ചേര്‍ന്നൊരുക്കുന്നത് വമ്പിച്ച തൊഴിലവസരങ്ങള്‍; 15000 പേര്‍ക്ക് തൊഴില്‍ ലഭിക്കും

September 23, 2021 |
|
News

                  ഫ്ളിപ്കാര്‍ട്ടും മിന്‍ത്രയും ചേര്‍ന്നൊരുക്കുന്നത് വമ്പിച്ച തൊഴിലവസരങ്ങള്‍; 15000 പേര്‍ക്ക് തൊഴില്‍ ലഭിക്കും

യുഎസ് റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളിപ്കാര്‍ട്ടും, ഫ്ളിപ്കാര്‍ട്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിന്‍ത്രയും ചേര്‍ന്ന് 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഫ്ളിപ്കാര്‍ട്ട് 4,000 തൊഴിലവസരങ്ങളും മിന്‍ത്ര 11,000 തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കുന്നത്. ഉത്സവസീസണ്‍ മുന്നില്‍കണ്ട് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫുള്‍ടൈം, പാര്‍ട് ടൈം തൊഴില്‍ തേടുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ഇത്. 'ഫ്ളിപ്കാര്‍ട്ട് എക്സ്ട്രാ' എന്ന പേരിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് തൊഴില്‍ദാനം വേഗത്തിലും സുഗമവുമാക്കുന്നതിനായി ഫ്ളിപ്കാര്‍ട്ട് എക്സ്ട്രാ എന്ന പ്ലേ സ്റ്റോര്‍ ആപ്പും കമ്പനി പുറത്തിറക്കി. ഇതുവഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്.

വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ വിവരങ്ങളും പരിശോധിച്ചശേഷം ഒരോരുത്തര്‍ക്കും യോജിച്ച മേഖലയില്‍ തൊഴില്‍ നല്‍കും. ഉത്സവകാലത്ത് ഉല്‍പ്പന്നങ്ങളുടെ ശേഖരണവും വിതരണവും വേഗത്തിലാക്കാനാണ് ശ്രമം. ഫ്ളിപ്കാര്‍ട്ടിന്റെ ഉത്സവകാല വില്‍പ്പനയായ ബിഗ്ബില്യണ്‍ ഡേയ്സില്‍ പുതിയ റെക്കോഡ് വില്‍പ്പന കൈവരിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. മിന്‍്രതയുടെ ഉത്സവ ഓഫറായ ബിഗ് ഫാഷന്‍ ഫെസ്റ്റിവലും വന്‍ വില്‍പ്പനയാണു ലക്ഷ്യമിടുന്നത്. ഇരുവരും ഓഫറുകള്‍ കൊണ്ട് ഉപയോക്താക്കളുടെ മനം കവരാനാണു ശ്രമിക്കുന്നത്.

പാര്‍ട്ടൈം ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമായിരിക്കും. രാജ്യത്തെ ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍, എം.എസ്.എം.ഇ, കടകള്‍, ഉപയോക്താക്കള്‍ എന്നിവര്‍ക്ക് ഇ- കൊമേഴ്സ് മേഖലയുടെ ഗുണങ്ങള്‍ ലഭ്യമാക്കുമെന്നു കമ്പനി വ്യക്തമാക്കി. ഫ്ളിപ്കാര്‍ട്ട് എക്സ്ട്രാ വഴി ജോലി നേടുന്നവര്‍ക്ക് ഇന്‍സന്റീവ് പദ്ധതിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കു ഉയര്‍ന്ന വേതനം ലഭിക്കും. ആളുകള്‍ക്കു കൂടുതല്‍ വരുമാനം വാഗ്ദാനം ചെയ്യുന്നതു വഴി സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് വേഗത്തിലാക്കാന്‍ സാധിക്കുമെന്നു ഫ്ളിപ്കാര്‍ട്ടിന്റെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി വ്യക്തമാക്കി.

അതേസമയം ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ ഓഫര്‍ വില്‍പ്പനകള്‍ക്കു രാജ്യത്ത് ഉടന്‍ നിയന്ത്രണം വന്നേക്കുമെന്നാണു റിപ്പോര്‍ട്ടു. ഇതിനായുള്ള ഇ- കൊമേഴ്‌സ് നയം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പോര്‍ട്ടലുകളുടെ ഓഫര്‍ വില്‍പ്പനകള്‍ രാജ്യത്തെ ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണു കാരണം. വ്യാപാരികളും ഓഫര്‍ വില്‍പ്പനകള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കടകള്‍ അടഞ്ഞുകിടന്നപ്പോഴും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് യഥേഷ്ടം വില്‍പ്പന തുടരാന്‍ അനുമതി നല്‍കിയത് സര്‍ക്കാരിനെ ഏറെ സമ്മര്‍ദത്തിലാക്കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved