
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട് രാജ്യത്തെ ലോജിസ്റ്റിക്സ് രംഗത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ (ഇവി) വിന്യസിക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡുമായി (എംഎല്‍എല്‍) സഹകരിക്കുന്നു. 2030ഓടെ ലോജിസ്റ്റിക്സ് രംഗത്ത് 100 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കുമെന്ന ഫ്ളിപ്കാര്‍ട്ടിന്റെ പ്രതിബദ്ധത പാലിക്കാനായി 25,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ രംഗത്തിറക്കും. ഇവിയിലേക്കുള്ള ഫ്ളിപ്കാര്‍ട്ടിന്റെ മാറ്റത്തില്‍ മഹീന്ദ്ര ലോജിസ്റ്റിക്സ് നിര്‍ണായക പങ്കു വഹിക്കും.
2020 ന്റെ അവസാനത്തിലാണ് സ്വന്തം ഇലക്ട്രിക് ഡെലിവറി ബ്രാന്‍ഡായ ഇഡിഇഎലുമായുള്ള മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ കടന്നുവരവ്. കണ്‍സ്യൂമര്‍, ഇ-കൊമേഴ്സ് കമ്പനികളുമായി സഹകരിച്ച് ഇഡിഇഎല്‍ രാജ്യത്തെ ആറു നഗരങ്ങളില്‍ ഡെലിവറി സേവനം നടത്തുന്നുണ്ട്. എംഎല്‍എല്‍ ഇഡിഇഎല്ലിലൂടെ ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ സപ്ലൈ ചെയിന്‍ വലിയ ഇവി ഫ്ളീറ്റ് വിന്യസിക്കുന്നുണ്ട്. ചാര്‍ജിങ് സ്റ്റേഷനുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, ജീവനക്കാര്‍ക്ക് പരിശീലനം, റൂട്ട് പ്ലാനിങ്, ബാറ്ററി കൈമാറ്റല്‍ കേന്ദ്രങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. കൂടുതല്‍ കാര്യക്ഷമതയ്ക്കായി കണ്‍ട്രോള്‍ ടവറുകളും സാങ്കേതിക വിദ്യകളും ഉപയോഗിക്കും.
ഫ്ളിപ്കാര്‍ട്ട് മറ്റ് പല ഉല്‍പ്പാദകരുമായി സഹകരിച്ചുകൊണ്ട് ഇലക്ട്രിക്ക് ടു, ത്രീ വീലറുകള്‍ വിതരണത്തിനായി ഉപയോഗിക്കുന്നുണ്ട്. എംഎല്‍എല്‍ ഇഡിഇഎല്ലുമായുള്ള സഹകരണത്തോടെ ഇത് രാജ്യത്തുടനീളം വിപുലമാകും. ഇലക്ട്രിക്ക് ഡെലിവറി ബ്രാന്‍ഡായ ഇഡിഇഎല്ലിലൂടെ എംഎല്‍എല്‍ വിവിധ തരത്തിലുള്ള ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങും. ഇഡിഇഎല്ലിന് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. ഫ്ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം സാധ്യമാക്കുന്നതിനായി വരും മാസങ്ങളില്‍ ഇത് വര്‍ധിപ്പിക്കും. ബെംഗളൂരു, മുംബൈ, ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇഡിഇഎല്ലിന്റെ സാന്നിദ്ധ്യം വര്‍ഷാവസാനത്തോടെ 20 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതുവഴി ഫ്ളിപ്കാര്‍ട്ടിന്റെ ഡെലിവറി തടസമില്ലാതെ സാധ്യമാക്കും.
ലോജിസ്റ്റിക് ഫ്ളീറ്റിന്റെ വൈദ്യുതീകരണം ഫ്ളിപ്കാര്‍ട്ടിന്റെ സുസ്ഥിര ലക്ഷ്യത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. 2030ഓടെ തങ്ങളുടെ ലോജിസ്റ്റിക് ഫ്ളീറ്റുകളെ പൂര്‍ണ്ണമായും വൈദ്യുതീകരിക്കുകയെന്ന കാഴ്ചപ്പാട് നേടാന്‍ സഹായിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു ലോജിസ്റ്റിക് പങ്കാളിയെന്ന നിലയില്‍ മഹീന്ദ്ര ലോജിസ്റ്റിക്സുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. കൂട്ടായ പരിശ്രമങ്ങളിലൂടെ, രാജ്യത്തുടനീളം ക്രമേണ ലോജിസ്റ്റിക് ഫ്ളീറ്റ് ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് 100% മാറുകയും ചെയ്യും, ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സപ്ലൈ ചെയിന്‍ ഹേമന്ത് ബദ്രി പറഞ്ഞു.
തങ്ങളുടെ തത്ത്വചിന്തയ്ക്ക് അനുസൃതമായി സുസ്ഥിരതയ്ക്കായി മഹീന്ദ്ര ലോജിസ്റ്റിക്സ് പ്രതിജ്ഞാബദ്ധമാണ്. ഇവി അടിസ്ഥാനമാക്കിയുള്ള അവസാന മൈല്‍ ഡെലിവറി സേവനമായ ഇഡിഇഎല്‍ ഇതിലേക്ക് വിന്യസിക്കുകയും ഉപയോക്താക്കള്‍ക്ക് സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യയും ലഭ്യമാക്കി അവസാന മൈല്‍ ഡെലിവറി സാധ്യമാക്കുന്നു. വലിയ എന്റര്‍പ്രൈസുകളുമായുള്ള പങ്കാളിത്തത്തെ അടിസ്ഥാനമാക്കി തങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധ. ഫ്ളിപ്കാര്‍ട്ടുമായുള്ള ഈ സഹകരണത്തില്‍ തങ്ങള്‍ സന്തുഷ്ടരാണ്, മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് സിഇഒയും എംഡിയുമായ രാംപ്രവീന്‍ സ്വാമിനാഥന്‍ പറഞ്ഞു.