ഓര്‍ഡറുകള്‍ ഒഴിവാക്കുന്നതും തിരിച്ചയക്കുന്നതും മറികടക്കാന്‍ പുതിയ തന്ത്രവുമായി ഫ്ളിപ്പ്കാര്‍ട്ട്; പാര്‍ട് പെയ്‌മെന്റ് സൗകര്യം ലഭ്യമാക്കി

July 16, 2020 |
|
News

                  ഓര്‍ഡറുകള്‍ ഒഴിവാക്കുന്നതും തിരിച്ചയക്കുന്നതും മറികടക്കാന്‍ പുതിയ തന്ത്രവുമായി ഫ്ളിപ്പ്കാര്‍ട്ട്;  പാര്‍ട് പെയ്‌മെന്റ് സൗകര്യം ലഭ്യമാക്കി

രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തു കൊറോണ മഹാമാരി വരുത്തിയ ക്ഷീണം ചില്ലറയല്ല. ഉപഭോക്താക്കള്‍ വലിയൊരു ശതമാനം ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണ്. ഉത്പന്നങ്ങള്‍ തിരിച്ചയക്കുന്നവരും ഏറെ. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ പെയ്മെന്റ് രീതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളിപ്പ്കാര്‍ട്ട്.

ഇനി മുതല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുക അടയ്ക്കേണ്ടതില്ല. 'പാര്‍ട് പെയ്‌മെന്റ് വഴി ചെറിയൊരു തുക മാത്രം അടച്ച് സാധനം ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. മിച്ചമുള്ള തുക ഡെലിവറി നടക്കുന്ന സമയത്ത് കൊടുത്താല്‍ മതി. പുതിയ നീക്കം റിട്ടേണുകളും ക്യാന്‍സലേഷനും കുറയ്ക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പാര്‍ട് പെയ്മെന്റ് ഓര്‍ഡറുകളുടെ വില നിലവാരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു. നിലവില്‍ പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് (ക്യാഷ് ഓണ്‍ ഡെലിവറി), ഇഎംഐ ഓപ്ഷനുകള്‍ കമ്പനി സമര്‍പ്പിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ പാര്‍ട് പെയ്മെന്റ് രീതിയും ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.

പൊതുവേ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിനാണ് പ്രചാരം കൂടുതല്‍. എന്നാല്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നവരുടെ എണ്ണം ഏറെയാണ്. ഇക്കാരണത്താല്‍ ലോജിസ്റ്റിക്സ് ചിലവുകള്‍ വര്‍ധിക്കുന്നു. പാര്‍ട് പെയ്മെന്റ് വഴി ഈ പ്രശ്നം മറികടക്കാന്‍ കമ്പനിക്ക് കഴിയും.

2020 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രതിമാസം സജീവമായ ഉപഭോക്താക്കളുടെ എണ്ണം 45 ശതമാനം വര്‍ധിച്ചെന്നും ഓരോ ഉപഭോക്താവും നടത്തുന്ന ഇടപാടുകള്‍ 30 ശതമാനം കൂടിയെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചിരുന്നു. പ്രതിമാസം 1.5 ബില്യണ്‍ സന്ദര്‍ശനമെന്ന (ഉപഭോക്താക്കള്‍ വെബ്‌സൈറ്റ്/ആപ്പ് സന്ദര്‍ശിക്കുന്ന കണക്ക്) ഡിജിറ്റല്‍ നാഴികക്കല്ലും കമ്പനി അടുത്തിടെ പിന്നിടുകയുണ്ടായി. നിലവില്‍ 80 കാറ്റഗറികളിലായി 150 മില്യണില്‍പ്പരം ഉത്പന്നങ്ങള്‍ ഫ്ളിപ്പ്കാര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.

അടുത്തിടെയാണ് വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സംഘം ഫ്ളിപ്പ്കാര്‍ട്ടില്‍ 1.2 ബില്യണ്‍ ഡോളര്‍ അധിക നിക്ഷേപം പ്രഖ്യാപിച്ചത്. പുതിയ നിക്ഷേപമെത്തുന്നതോടെ കമ്പനിയുടെ ആകെ മൂല്യം 2.49 ബില്യണ്‍ ഡോളര്‍ തൊടും. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടു ഗഡുവായാകും ഫ്‌ളിപ്പ്കാര്‍ട്ടിന് പുതിയ നിക്ഷേപം കൈവരിക.

2007 -ലാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ട്, ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ, ഫാഷന്‍ വെബ്‌സൈറ്റായ മിന്ത്ര, ലോജിസ്റ്റിക്‌സ്/ഡെലിവറി സേവനമായ ഇകാര്‍ട്ട് എന്നിവയെല്ലാം ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന് കീഴിലാണ്. 2018 -ലാണ് വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആദ്യ നിക്ഷേപം നടത്തുന്നത്. അന്ന് 16 ബില്യണ്‍ ഡോളര്‍ നിക്ഷേപം വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നടത്തി. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും അമേരിക്കന്‍ കമ്പനി സ്വന്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved