
വരാനിരിക്കുന്ന ഷോപ്പിങ് സീസണും ബിഗ് ബില്യണ്‍ ഡേയും പ്രമാണിച്ച് എഴുപതിനായിരത്തോളം തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്ന് ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്രഖ്യാപനം. ലക്ഷത്തിലേറെ ജോലികള്‍ പരോക്ഷമായും രാജ്യത്ത് ഒരുങ്ങുമെന്ന് കമ്പനി ചൊവാഴ്ച്ച അറിയിച്ചു. ഫ്ളിപ്പ്കാര്‍ട്ടിന്റെ വിതരണ ശൃഖലയിലായിരിക്കും തൊഴിലവസരങ്ങളില്‍ ഏറിയ പങ്കും. വര്‍ധിച്ച ഡിമാന്‍ഡ് മുന്‍കൂട്ടി ഡെലിവറി എക്സിക്യുട്ടീവ്, പിക്കേഴ്സ്, പാക്കേഴ്സ്, സോര്‍ട്ടേഴ്സ് മുതലായ ജോലികള്‍ക്കായിരിക്കും കമ്പനി ആളെ തേടുക. ഇതിന് പുറമെ വില്‍പ്പനക്കാരുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അനുയോജ്യരായവരെ ഫ്ളിപ്പ്കാര്‍ട്ട് തേടും.
ഉത്സവകാലത്താണ് ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ വലിയ കച്ചവടം നേടാറ്. ഇക്കാരണത്താല്‍ ആമസോണും ഫ്ളിപ്പ്കാര്‍ട്ടും ഉത്സവകാലത്ത് വലിയ മുന്നൊരുക്കങ്ങള്‍ നടത്താറും പതിവാണ്. കഴിഞ്ഞവര്‍ഷം ഉത്സവസീസണില്‍ 1.4 ലക്ഷം താത്കാലിക ജോലികളായിരുന്നു ഫ്ളിപ്പ്കാര്‍ട്ടും ആമസോണും കൂടി ഇന്ത്യയില്‍ സൃഷ്ടിച്ചത്. ഇക്കുറിയും ചിത്രം മാറില്ല. നേരത്തെ, മാതൃസ്ഥാപനമായ വാള്‍മാര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നൂറു ശതമാനം ഓഹരികളും ഫ്ളിപ്പ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ പുതിയ ഡിജിറ്റല്‍ വിപണന കേന്ദ്രമായ ഫ്ളിപ്പ്കാര്‍ട്ട് ഹോള്‍സെയിലിനും കമ്പനി അടുത്തിടെ തുടക്കമിടുകയുണ്ടായി.
ആമസോണുമായുള്ള മത്സരം മുറുകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വലിയ പദ്ധതികളുണ്ട് ഫ്ളിപ്പ്കാര്‍ട്ടിന്. അമേരിക്കന്‍ ഭീമന്മാരായ വാള്‍മാര്‍ട്ടിന് പിന്തുണയാലാണ് ഫ്ളിപ്പ്കാര്‍ട്ട് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സംഘം 1.2 ബില്യണ്‍ ഡോളര്‍ അധിക ഓഹരി ഫ്ളിപ്പ്കാര്‍ട്ടില്‍ പ്രഖ്യാപിച്ചിട്ട് നാളുകള്‍ ഏറെയായിട്ടില്ല. പുതിയ നിക്ഷേപം വന്ന സാഹചര്യത്തില്‍ കമ്പനിയുടെ മൊത്തം മൂല്യം 24.9 ബില്യണ്‍ ഡോളറില്‍ വന്നുനില്‍ക്കുകയാണ്.
നിലവില്‍ ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ടിന്റെ പക്കലാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സിംഹഭാഗം ഓഹരികളും. ഇപ്പോള്‍ പുതിയ നിക്ഷേപം നടത്തിയിരിക്കുന്നതും വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഓഹരിയുടമകള്‍ത്തന്നെ. 2020 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രതിമാസം സജീവമായ ഉപഭോക്താക്കളുടെ എണ്ണം 45 ശതമാനം വര്‍ധിച്ചെന്നും ഓരോ ഉപഭോക്താവും നടത്തുന്ന ഇടപാടുകള്‍ 30 ശതമാനം കൂടിയെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചിരുന്നു. പ്രതിമാസം 1.5 ബില്യണ്‍ സന്ദര്‍ശനമെന്ന (ഉപഭോക്താക്കള്‍ വെബ്‌സൈറ്റ്/ആപ്പ് സന്ദര്‍ശിക്കുന്ന കണക്ക്) ഡിജിറ്റല്‍ നാഴികക്കല്ലും കമ്പനി അടുത്തിടെ പിന്നിടുകയുണ്ടായി.