
ദുബായ്: ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്താൻ ദുബായിയുടെ ബജറ്റ് എയർലൈനായ ഫ്ളൈ ദുബായ് നടപടി ആരംഭിച്ചു. കൊറോണ രോഗ നിയന്ത്രണത്തിനായുള്ള ഇന്ത്യയിലെ വിലക്കുകൾ ഏപ്രിൽ 14-ന് അവസാനിക്കുമെന്ന പ്രതീക്ഷയിലാണിത്. കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സർവീസ്.
ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സർവീസുകളെന്ന് അറിയിച്ചുകൊണ്ടാണ് അവരുടെ വെബ്‌സൈറ്റിൽ ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് വെബ്‌സൈറ്റിൽ കാണാത്തതുകൊണ്ടുതന്നെ ഇത് പ്രത്യേക സർവീസ് ആയിരിക്കുമെന്ന് ഉറപ്പായി. ടിക്കറ്റ് നിരക്ക് 1800 ദിർഹം (ഏകദേശം 37,240 രൂപ) മുതലാണ്.
നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവർക്കും സന്ദർശക വിസയിൽ ഇവിടെ കുടുങ്ങിപ്പോയവർക്കും വേണ്ടിയാവും ആദ്യ സർവീസുകൾ എന്നാണ് സൂചന. യാത്രാക്കാരോടൊപ്പം ഏഴ് കിലോഗ്രാമിന്റെ ഹാൻഡ് ബാഗേജ് മാത്രമാണ് അനുവദിക്കുന്നത്. മറ്റ് ലഗ്ഗേജ് ഒന്നും കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രിൽ 15 മുതൽ ഫ്ളൈ ദുബായ് യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അത്സമയം എയർ ഇന്ത്യ എക്സ്‌പ്രസ്, സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ളവ ഏപ്രിൽ മുപ്പതോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.