
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങളില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമെന്ന നിലക്ക് കേന്ദ്ര ബജറ്റില്‍ അതി സമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജില്‍ നിന്ന് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കി. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനും, വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കൂടുതല്‍ ഒഴുകാനും വേണ്ടിയാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് അധിക നികുതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 2 മുതല്‍ അഞ്ച് കോടി രൂപ വരെ വാര്‍ഷി വരുമാനമുള്ളവര്‍ക്ക് മൂന്ന്ശതമാനം സര്‍ചാര്‍ജും, അഞ്ചു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഏഴ് ശതമാനം സര്‍ചാര്‍ജുമാണ് കേന്ദ്രസര്‍ക്കാര്‍ ജൂലൈ അഞ്ചിന് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത് മൂലം നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് കൂട്ടത്തോടെ പിന്‍മാറുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഓഹരി വിപണിയിലടക്കം ഭീമമായ ഇടിവും ഉണ്ടായി.
വിദേശ നിക്ഷേപകരുടെ സര്‍ചാര്‍ജ് ഒഴിവാക്കുന്നതോടെ ഓഹരി വിപണിയില്‍ കൂടുതല്‍ ഉണര്‍വാണ് ഇനിയുള്ള ദിവസങ്ങളിലുണ്ടാവുകയെന്നാണ് സാമ്പത്തിക മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. എന്നാല്‍ ഇന്ന് ധനമന്ത്രി ചില തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വ്യാപാര ദിനത്തിലെ ഏറ്റവും അവസാന ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെയാണ് അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 282.23 പോയിന്റ് ഉയര്‍ന്ന് 36,701.16 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 88 പോയിന്റ് ഉയര്‍ന്ന് 10,829.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1310 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1125 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
അതേസമയം കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് നിക്ഷേപകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത് മൂലമാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനങ്ങളില്‍ തിരുത്തല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ആഭ്യന്തര വിപണിയിലെ നിക്ഷേപകരുടെ സര്‍ചാര്‍ജടക്കം ഒഴിവാക്കികൊണ്ടുള്ള പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളത്. എഫ്ഫിഐ നിക്ഷേപകരും, ധനമന്ത്രി നിര്‍മ്മല സീതാരമനും ഇക്കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേകരുടെ വരുമാനത്തിന് മേലുള്ള സര്‍ചാര്‍ജ് പിന്‍വലിച്ചത്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നില്ലെന്നും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട ചില രാഷ്ട്രീയ പ്രതിസന്ധികളും, യുഎസ്-ചൈന വ്യാപാര തര്‍ക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക്കാരണമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടേണ്ടി വരുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതേസമയം ചൈനയടക്കമുള്ള രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടതാണെന്ന അഭിപ്രായമാണ് ധനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യ നടപ്പുസാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തില്ലെന്ന അഭിപ്രായമാണ് ക്രിസില്‍ അടക്കമുള്ള റേറ്റിങ് ഏജന്‍സികളുടെ നിരീക്ഷണം. എന്നാല്‍ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞാണ് ധമന്ത്രി ഇപ്പോള്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.