കേന്ദ്ര ബജറ്റ്: ആദായനികുതി റിട്ടേണ്‍ നടപടികള്‍ ലളിതമാക്കുമെന്ന് നിര്‍മല സീതാരാമന്‍

February 02, 2021 |
|
News

                  കേന്ദ്ര ബജറ്റ്: ആദായനികുതി റിട്ടേണ്‍ നടപടികള്‍ ലളിതമാക്കുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ നടപടികള്‍ ലളിതമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തിങ്കളാഴ്ച്ച പാര്‍ലമെന്റിലെ ബജറ്റ് പ്രസംഗത്തിനിടെയാണ് ഐടിആര്‍ നടപടികള്‍ ലളിതമാക്കുന്ന കാര്യം ധനമന്ത്രി അറിയിച്ചത്. ലാഭവിഹിതം, മൂലധന നേട്ടം, പലിശ വരുമാനം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ മുന്‍കൂട്ടി പൂരിപ്പിച്ചായിരിക്കും ഐടിആര്‍ ഫോമുകള്‍ ഒരുങ്ങുക. നിലവില്‍ ശമ്പള വരുമാനം, നികുതി അടവുകള്‍, ടിഡിഎസ് (ഉറവിടത്തില്‍ പിടിക്കുന്ന നികുതി) എന്നിവയാണ് ഐടിആര്‍ ഫോമുകളില്‍ മുന്‍കൂട്ടി പൂരിപ്പിക്കപ്പെടുന്നത്. ഓഹരി നിക്ഷേപങ്ങളില്‍ നിന്നുള്ള മൂലധന നേട്ടം, ലാഭവിഹിത വരുമാനം, പലിശ വരുമാനം എന്നീ വിശദാംശങ്ങള്‍ മുന്‍കൂട്ടി പൂരിപ്പിച്ച ഐടിആര്‍ ഫോമുകള്‍ വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമെന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.

75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന സുപ്രധാന പ്രഖ്യാപനവും ധനമന്ത്രി തിങ്കളാഴ്ച്ച നടത്തി. ഇതേസമയം പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

ബജറ്റില്‍ ആദായനികുതി നിരക്കുകള്‍ മാറ്റാനോ സ്ലാബുകള്‍ പരിഷ്‌കരിക്കാനോ കേന്ദ്രം തയ്യാറായില്ല. എന്നാല്‍ ആദായനികുതിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം 6 വര്‍ഷത്തില്‍ നിന്നും 3 വര്‍ഷമായി ചുരുക്കിയതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ആദായനികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും പുതിയ കസ്റ്റംസ് ഡ്യൂട്ടി ഘടന 2021 ഒക്ടോബര്‍ 1 -ന് പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി അറിയിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇരട്ട നികുതി ബജറ്റില്‍ കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന നികുതിയിളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും കേന്ദ്രം തീരുമാനിച്ചു. കര്‍ഷകക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 2021-22 സാമ്പത്തികവര്‍ഷം ഗോതമ്പു കര്‍ഷകര്‍ക്ക് 75,000 കോടി രൂപ നല്‍കും. 43.36 ലക്ഷം കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കളാവുക. നെല്‍ കര്‍ഷകര്‍ക്ക് 1.72 ലക്ഷം കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചു. കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടി രൂപയും വകയിരുത്തപ്പെട്ടിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved