
രാജ്യത്ത് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വിപണി സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 12.6 ശതമാനം വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. വില കൂടിയതും നഗരപ്രദേശങ്ങളില്‍ ഉപഭോഗം കൂടിയതുമാണ് കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനേക്കാള്‍ മികച്ച വളര്‍ച്ച നേടാന്‍ എഫ്എംസിജി മേഖലയെ സഹായിച്ചത്. വില്‍പ്പനയുടെ വോള്യത്തില്‍ 1.2 ശതമാനം മാത്രമാണ് വര്‍ധനയുണ്ടായത്. അതേസമയം ഗ്രാമീണ മേഖലയില്‍ എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു.
കൊല്‍ക്കൊത്ത, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കള്‍. പാചക എണ്ണ, ചായപ്പൊടി, സ്നാക്ക്സ്, കണ്‍ഫെക്ഷനറി ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം വര്‍ധിച്ചതായും നീല്‍സണ്‍ഐക്യു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പായ്ക്ക് ചെയ്ത അരി, ബ്രേക്ക് ഫാസ്റ്റ് ധാന്യങ്ങള്‍, ചോക്ലേറ്റ് തുടങ്ങിയവയാണ് കൂടുതലായി വിറ്റഴിക്കപ്പെട്ടത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രാജ്യത്തെ ചെറുകിട ഉല്‍പ്പാദകരെ വന്‍തോതില്‍ ബാധിച്ചിരുന്നു. 14 ശതമാനത്തിലേറെ ചെറുകിടക്കാരും വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോയത്. ഇത് വന്‍കിടക്കാര്‍ക്ക് ഗുണമായി. ഗ്രാമീണ മേഖലയില്‍ ഉപഭോഗം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. വില്‍പ്പന 2.9 ശതമാനം കുറഞ്ഞു. വിലക്കയറ്റമാണ് ഗ്രാമീണ മേഖലയില്‍ വില്‍പ്പന കുറയാന്‍ പ്രധാനകാരണമായത്.