ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി എഫ്എംസിജി കമ്പനികള്‍

January 11, 2021 |
|
News

                  ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി എഫ്എംസിജി കമ്പനികള്‍

രാജ്യത്തെ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ്) കമ്പനികള്‍ ഉത്പന്നങ്ങളുടെ മൊത്തം വില വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പ്രധാന അസംസ്‌കൃത വസ്തുക്കള്‍ക്ക് മേല്‍ കൂടിവരുന്ന പണപ്പെരുപ്പ സമ്മര്‍ദ്ദം നികത്താന്‍ ദൈനംദിന ഉത്പന്നങ്ങളുടെ വില കൂട്ടിയേ മതിയാവൂ എന്ന് എംജിസിജി കമ്പനികള്‍ പറയുന്നു. ഡാബുര്‍, പാര്‍ലെ, പതാഞ്ജലി തുടങ്ങിയ കമ്പനികള്‍ ഉത്പന്നങ്ങളുടെ വില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇതേസമയം, മാരിക്കോ ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ കമ്പനികള്‍ ഉത്പന്നങ്ങളുടെ വില കൂട്ടിക്കഴിഞ്ഞു.

അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചത് അല്‍ക്കൈല്‍ ബെന്‍സീന്‍ (എല്‍എബി), ഉയര്‍ന്ന സാന്ദ്രതയുള്ള പോളിഎത്തിലീന്‍ (എച്ച്ഡിപിഇ) തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ വിലയെ സ്വാധീനിക്കുന്നുണ്ട്. സോപ്പുപൊടിയുടെ നിര്‍മ്മാണത്തിലെ പ്രധാന ഘടകമാണ് എല്‍എബി. എച്ച്ഡിപിഇ ആകട്ടെ സോപ്പ്, സോപ്പുപ്പൊടി, മുടിയെണ്ണ, ക്രീമുകള്‍, ഷാംപൂ, ടൂത്ത്പേസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ആവശ്യമായ പ്രധാന പാക്കേജിങ് ഘടകവും. ഈ അവസരത്തില്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താതെ തരമില്ലെന്ന് കമ്പനികള്‍ പറയുന്നു.

കഴിഞ്ഞ മൂന്നോ നാലോ മാസംകൊണ്ട് അസംസ്‌കൃത ചരക്കുകള്‍ക്ക് വലിയ വിലവര്‍ധനവാണ് സംഭവിച്ചത്. ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റമാണ് ഇതില്‍ പ്രധാനം. അസംസ്‌കൃത ചരക്കുകള്‍ക്ക് വില കൂടുമ്പോള്‍ നിര്‍മ്മാണ ചിലവുകള്‍ ഉയരും. നിലവില്‍ ഇതുവരെ ഉത്പന്നങ്ങള്‍ക്ക് ഞങ്ങള്‍ വില കൂട്ടിയിട്ടില്ല. എന്നാല്‍ വിപണിയിലെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കുറയുന്നില്ലെന്ന് കണ്ടാല്‍ ഉത്പന്നങ്ങളുടെ വില കൂട്ടാതെ മറ്റു മാര്‍ഗ്ഗമില്ല, പാര്‍ലെ ഉത്പന്നങ്ങളുടെ സീനിയര്‍ കാറ്റഗറി മേധാവി മായങ്ക് ഷാ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങളില്‍ ഭക്ഷ്യ എണ്ണ പ്രധാന ഘടകമായതുകൊണ്ട് നാലു മുതല്‍ അഞ്ച് ശതമാനംവരെ വിലവര്‍ധനവാണ് പാര്‍ലെ ആലോചിക്കുന്നത്.

പാര്‍ലെയുടെ വഴിയെയാണ് ഡാബുര്‍, പതാഞ്ജലി കമ്പനികളുടെയും ചിന്ത. അസംസ്‌കൃത ചരക്കുകള്‍ക്ക് വില ഇനിയും കൂടുകയാണെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് വില കൂട്ടാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് ഇരുവരും അറിയിച്ചു. മറുഭാഗത്ത് സഫോള, പാരച്യൂട്ട് ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മാരിക്കോ, പണപ്പെരുപ്പം മുന്‍നിര്‍ത്തി ഉത്പന്നങ്ങളുടെ വില പുതുക്കിയിട്ടുണ്ട്. സഫോള ഭക്ഷ്യ എണ്ണകളുടെയും പാരച്യൂട്ട് ഉത്പന്നങ്ങളുടെയും വില കഴിഞ്ഞ പാദത്തില്‍ത്തന്നെ കമ്പനി കൂട്ടി. നിലവില്‍ പാമോയില്‍, തേയില, കൊപ്ര, ഭക്ഷ്യ എണ്ണ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെയെല്ലാം വില ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. ഇതേസമയം, 2021 വര്‍ഷം വിലനിലവാരം പഴയപടിയാകുമെന്ന സൂചന വിപണി വിദഗ്ധര്‍ നല്‍കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved