വിപണി വളര്‍ച്ച താഴോട്ട്, വില്‍പ്പന 20 ശതമാനം ഉയര്‍ന്ന് എഫ്എംസിജി മേഖല

April 04, 2022 |
|
News

                  വിപണി വളര്‍ച്ച താഴോട്ട്, വില്‍പ്പന 20 ശതമാനം ഉയര്‍ന്ന് എഫ്എംസിജി മേഖല

ഇന്ത്യയുടെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വിപണി വളര്‍ച്ച ഒരു വര്‍ഷമായി ഓരോ പാദത്തിലും സ്ഥിരമായി കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എഫ്എംസിജി മേഖലയെ മുന്നോട്ടുനയിച്ച വ്യക്തിഗത പരിചരണം, വീട്, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് വിപണി വളര്‍ച്ച താഴോട്ടേക്ക് നീങ്ങിയത്. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയിലെ വില്‍പ്പന 20 ശതമാനം വര്‍ധിച്ചു. വിലക്കയറ്റവും പാക്കേജുചെയ്ത ഭക്ഷണസാധനങ്ങളുടെയും ചരക്കുകളുടെയും ഉയര്‍ന്ന വില്‍പ്പനയുമാണ് ഇതിന് പ്രധാന കാരണം.

മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മൂല്യമനുസരിച്ച് മൊത്തം വില്‍പ്പനയില്‍ 5 ശതമാനം വര്‍ധനവാണുണ്ടായത്. 7.5 ദശലക്ഷം റീട്ടെയില്‍ സ്റ്റോറുകള്‍ ട്രാക്ക് ചെയ്യുന്ന സെയില്‍സ് ഓട്ടോമേഷന്‍ സ്ഥാപനമായ ബിസോമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിസംബര്‍ പാദത്തിലെ വില്‍പ്പനയില്‍ 20 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 46 ശതമാനവും രണ്ടാം തരംഗമുണ്ടായ ജൂണ്‍ പാദത്തില്‍ 8.2 ശതമാനവും വര്‍ധനവാണുണ്ടായത്.

'മൊത്തത്തിലുള്ള പണപ്പെരുപ്പത്തില്‍ നിന്ന് ഗാര്‍ഹിക ബജറ്റുകള്‍ ചുരുങ്ങുന്നത് കാരണം വളര്‍ച്ചയുടെ വേഗത കുറഞ്ഞിരിക്കാം, പക്ഷേ അത് ഇപ്പോഴും ആശങ്കപ്പെടേണ്ട കാര്യമല്ല. വിലക്കയറ്റം സ്ഥിരത കൈവരിക്കുന്നതോടെ വില്‍പ്പന ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ''ഗാരി ബ്രാന്‍ഡ് ഡിറ്റര്‍ജന്റിന്റെയും വീനസ് സോപ്പിന്റെയും ഉടമയായ ആര്‍എസ്പിഎല്‍ ഗ്രൂപ്പിന്റെ പ്രസിഡന്റ് സുശീല്‍ കുമാര്‍ ബാജ്‌പേയ് പറഞ്ഞതായി ഇക്കണോമിക് ടൈംസ്് റിപ്പോര്‍ര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിന് പിന്നാലെ ശുചിത്വ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞതിനാല്‍ മാര്‍ച്ച് പാദത്തില്‍ ഹോം കെയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 23 ശതമാനത്തോളമാണ് കുറഞ്ഞത്. വ്യക്തിഗത പരിചരണ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും 5 ശതമാനത്തോളം കുറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved