
2021 മാര്‍ച്ചിന് ശേഷം ഇന്ത്യയില്‍ ഉപഭോക്തൃ വില സൂചിക കുത്തനെ മുകളിലേക്ക്. രാജ്യത്തെ വിവിധ മേഖലകളിലെ ഭക്ഷ്യ വിലക്കയറ്റം ഏകദേശം ഇരട്ടിയായതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റത്തിലാണ് ഈ കുതിച്ചുചാട്ടം. ഗ്രാമീണ മേഖലയിലെ ഭക്ഷ്യവിലപ്പെരുപ്പ നിരക്കാണ് 2021 മാര്‍ച്ചിലെ 3.94 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചില്‍ 8.04 ശതമാനമായി ഇരട്ടിയിലധികമായത്.
ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഫെബ്രുവരിയിലെ ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) അനുസരിച്ചുള്ള ഭക്ഷ്യവിലപ്പെരുപ്പം ഫെബ്രുവരിയില്‍ 2022 ഫെബ്രുവരിയില്‍ 5.81 ശതമാനമായിരുന്നു. ഇതാണ് മാര്‍ച്ചില്‍ 8 ശതമാനം കടന്നത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്സ് ഹെഡ്ലൈന്‍ 2022 മാര്‍ച്ചില്‍ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.95 ശതമാനത്തിലേക്ക് ഉയര്‍ന്നു. മിക്ക വിഭാഗങ്ങളിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
റീറ്റെയില്‍ പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ മൂന്നാം മാസവും ആര്‍ബിഐയുടെ ടോളറന്‍സ് ബാന്‍ഡിന്റെ ഉയര്‍ന്ന പരിധിക്ക് മുകളിലാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി വാര്‍ഷിക ഇജക പണപ്പെരുപ്പം 5.51 ശതമാനമായി ഉയര്‍ന്നു. ആര്‍ബിഐയുടെ പ്രൊജക്ഷനായ 5.30 ശതമാനത്തേക്കാള്‍ കൂടുതലാണിത്. സാധാരണക്കാരന്റെ നടുവൊടിച്ചാണ് വിലക്കയറ്റ സൂചികയുടെ പോക്ക്. പെട്രോള്‍ ഡീസല്‍ വില നൂറും കടന്നു കുതിക്കുന്ന സാഹചര്യത്തിലാണ് റീറ്റെയ്ല്‍ പണപ്പെരുപ്പനിരക്കും ഉയരുന്നത്.
ഭക്ഷ്യവിലക്കയറ്റം ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയെ ബാധിച്ചിട്ടുണ്ട്. സൊമാറ്റോ, സ്വിഗ്ഗി ഓര്‍ഡറുകളില്‍ പോലും ഇത് പ്രകടമാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനവും കണക്കിലെടുത്താണ് ഇവര്‍ നിരക്കു കൂട്ടിയിട്ടുള്ളത്. വീട്ടു ചെലവിനായി കരുതുന്ന തുക കൂടിയത് സാധാരണക്കാരന് മാസാവസാനം സാമ്പത്തിക ഞെരുക്കത്തിലാകുന്ന സ്ഥിതിയാക്കിയിട്ടുണ്ട്.