
ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതിപ്രകാരം തെരുവോര ഭക്ഷണശാലകളുടെ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയാണ്. തെരുവോര ഭക്ഷണശാലകള്‍ പരിസ്ഥിതിക്കു ദോഷമുണ്ടാക്കരുതെന്നും വൃത്തിയുള്ള സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. കൂടാതെ ഭക്ഷണശാലകള്‍, ഭക്ഷ്യസംസ്‌കരണ, കയറ്റുമതി സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാര്‍ഷിക വൈദ്യപരിശോധന ഉള്‍പ്പെടെ നിര്‍ദ്ദേശിക്കുന്ന കരട് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു.
തട്ടുകടകളുള്‍പ്പെടെയുള്ള തെരുവോര ഭക്ഷണശാലകളിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പലതവണ ചൂടാക്കുന്നത് ഒഴിവാക്കണം, അത്പോലെ എണ്ണയുടെ ഉപയോഗം പല തവണ എന്നത് നിയന്ത്രിക്കണം, സാധാരണ താപനിലയില്‍ സൂക്ഷിക്കുന്ന ഭക്ഷണം 4 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം, ഉപയോഗിക്കാത്തവ നശിപ്പിച്ചു കളയണം, ഓരോ വിഭവവും വിളമ്പാന്‍ പ്രത്യേകം സ്പൂണ്‍ ഉപയോഗിക്കണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ആഭരണങ്ങള്‍, വാച്ച് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ ചട്ടങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പച്ചക്കറി, പഴം, മത്സ്യ മാംസ വില്‍പന കേന്ദ്രങ്ങള്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും സാധ്യതയുണ്ട്. കൂടാതെ ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍ വില്‍പനയ്ക്കും നിയമം കര്‍ശനമാക്കാനുള്ള നീക്കങ്ങളും നടക്കുന്നതായാണ് അറിയുന്നത്. ഭക്ഷണ ഭക്ഷ്യല്‍പ്പന്ന മേഖലയില്‍ ലോക്ഡൗണ്‍ കാലത്ത് നിരവധിപേര്‍ അനധികൃതമായി കടന്നു വന്നിട്ടുണ്ട്. ഇവര്‍ ചട്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശങ്ങളും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നോട്ട്ു വയ്ക്കുന്നു.