കണക്ക് പറഞ്ഞ് സുനില്‍ മിത്തല്‍; ഓരോ 100 രൂപയില്‍ നിന്നും സര്‍ക്കാരിലേക്ക് പോകുന്നത് 35 രൂപ

September 01, 2021 |
|
News

                  കണക്ക് പറഞ്ഞ് സുനില്‍ മിത്തല്‍; ഓരോ 100 രൂപയില്‍ നിന്നും സര്‍ക്കാരിലേക്ക് പോകുന്നത് 35 രൂപ

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് 21000 കോടി നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയാണ് ഭാരതി എയര്‍ടെല്‍. 5ജി സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. അതിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട് കമ്പനിക്ക്. ഈ ഘട്ടത്തിലാണ് കേന്ദ്രം ചുമത്തുന്നത് അമിത നികുതിയാണെന്നും കൂടുതല്‍ നിക്ഷേപം ടെലികോം രംഗത്തേക്ക് വരണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേ തീരൂവെന്നും എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തുറന്നടിച്ചത്.

പലവിധത്തിലാണ് കേന്ദ്രസര്‍ക്കാരിലേക്ക് നികുതി പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം തങ്ങള്‍ക്ക് കിട്ടുന്ന ഓരോ 100 രൂപ വരുമാനത്തില്‍ നിന്നും 35 രൂപ സര്‍ക്കാരിലേക്ക് പോവുന്നുവെന്ന് പറഞ്ഞു. കമ്പനികള്‍ അവരുടെ ഭാഗം കൃത്യമായി നിര്‍വഹിക്കുമ്പോള്‍ അതിന് വേണ്ട സഹായം ഒരുക്കാന്‍ സര്‍ക്കാരും തയ്യാറാകണമെന്ന് മിത്തല്‍ പറഞ്ഞു.

പുതുതായി സമാഹരിക്കുന്ന നിക്ഷേപത്തിലൂടെ കമ്പനിക്ക് വളരാനുള്ള ഇന്ധനം ലഭിക്കുമെന്നും മിത്തല്‍ പറഞ്ഞു. ഇനിയും ഒരു മൈല്‍ അധികം സഞ്ചരിക്കാനാവും. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനും ലാഭകരമായ വളര്‍ച്ച നേടാനും മത്സരാധിഷ്ഠിതമായി മുന്നേറാനും സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനെല്ലാം പുറമെ ഒരു ഉപഭോക്താവില്‍ നിന്നുള്ള വരുമാനം ഈ സാമ്പത്തിക വര്‍ഷം 200 രൂപയില്‍ എത്തുമെന്നും അവിടെ നിന്നും പതിയെ അത് 300 രൂപയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 535 രൂപ നിരക്കില്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ പുതിയ ഓഹരികള്‍ നല്‍കാനുള്ള തീരുമാനം ഈ വരുമാന വര്‍ധനവ് കൂടി ലക്ഷ്യമിട്ടുള്ളതാണ്.

Related Articles

© 2025 Financial Views. All Rights Reserved