
ന്യൂഡല്‍ഹി: ആമസോണിനെതിരെ ഗുരുതര ആരോപണവുമായി ഫ്യൂചര്‍ റീടെയ്ല്‍ രംഗത്ത്. ആമസോണ്‍ തങ്ങളെ ഇല്ലാതാക്കിയെന്ന് ഫ്യൂചര്‍ റീടെയ്ല്‍. തങ്ങളുടെ 830 കടകളില്‍ ഇപ്പോള്‍ 374 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. വാടക പോലും കൊടുക്കാനില്ലാത്ത സ്ഥിതിയിലാണ് കടകള്‍ അടക്കേണ്ടി വന്നതെന്നും കമ്പനി സുപ്രീം കോടതിയില്‍ പറഞ്ഞു.
'ആമസോണിന് ഞങ്ങളെ തകര്‍ക്കണമായിരുന്നു. അതവര്‍ ചെയ്തുവെന്നും കമ്പനിക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ വിമര്‍ശിച്ചു. വെറും 1400 കോടി രൂപയുടെ തര്‍ക്കം ഉയര്‍ത്തി 26000 കോടി രൂപ മൂല്യമുണ്ടായിരുന്ന കമ്പനിയെ ആമസോണ്‍ തകര്‍ത്തു. ഫ്യൂചര്‍ ലിമിറ്റഡിന്റെ ആസ്തികള്‍ റിലയന്‍സിന് വില്‍ക്കാനുള്ള നീക്കത്തെ ആമസോണ്‍ എതിര്‍ത്തതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതായി ഈ ആരോപണം.
ആമസോണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രമണ്യമാണ് ഹാജരായത്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അനുമതി ലഭിക്കാതെ ആസ്തികള്‍ കൈമാറാന്‍ പാടില്ലെന്ന് സുപ്രീം കോടതി അടക്കമുള്ള കോടതികള്‍ ഫ്യൂചര്‍ റീടെയ്ല്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയതാണെന്ന കാര്യം അദ്ദേഹം കോടതിയില്‍ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ തങ്ങളല്ല ആസ്തികള്‍ കൈമാറിയതെന്നും വായ്പാ ദാതാക്കള്‍ ആസ്തികള്‍ സ്വയമേ ഏറ്റെടുക്കുകയായിരുന്നുവെന്നും ഫ്യൂചര്‍ റീടെയ്ല്‍ വിശദീകരിച്ചു. ഒരു കോടതി നിര്‍ദ്ദേശവും തങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഫ്യൂചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും വ്യക്തമാക്കി. ലക്ഷക്കണക്കിന് രൂപ കുടിശികയുള്ളപ്പോള്‍ വായ്പാ ദാതാക്കളെ ആസ്തികള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ബലം പ്രയോഗിച്ച് തടയുകയായിരുന്നോ തങ്ങള്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
റിലയന്‍സിനോട് ആസ്തികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന് പറയാന്‍ കോടതിക്ക് സാധിക്കില്ലെന്നും, കേസില്‍ റിലയന്‍സ് കക്ഷിയല്ലെന്നും ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. ഇത് മുന്‍നിര്‍ത്തി എങ്ങിനെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് കോടതിയും ആമസോണിന്റെ അഭിഭാഷകരോട് ചോദിച്ചു. കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെതിരെ ഫ്യൂചര്‍ റീടെയ്ല്‍ കമ്പനിക്ക് വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും രംഗത്ത് വന്നു. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.