
ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച 100 സമ്പന്നരുടെ പട്ടിക ഫോബ്സ് പുറത്തിറക്കി. ഈ വര്‍ഷം നിരവധി പുതിയ കോടീശ്വരന്മാര്‍ പട്ടികയില്‍ ഇടം നേടി. മറ്റു ചിലരാകടടെ തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ നന്നേ കഷ്ടപ്പെട്ടു. ചിലര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തു. മൊത്തത്തില്‍ പട്ടികയില്‍ ഇടം നേടിയ ആദ്യ 100 പേര്‍ 517.5 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം കൂട്ടിച്ചേര്‍ത്തത്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂട്ടായ സമ്പത്തില്‍ 14% വര്‍ദ്ധനവ് രേഖപ്പെടുത്തി.
ഈ വര്‍ഷത്തെ സമ്പത്തിന്റെ വര്‍ദ്ധനവിന്റെ പകുതിയിലധികവും ഒരു വ്യക്തിക്ക് അവകാശപ്പെട്ടതാണ്. പതിമൂന്നാം വര്‍ഷം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ മുകേഷ് അംബാനി 37.3 ബില്യണ്‍ ഡോളര്‍ തന്റെ സമ്പാദ്യത്തില്‍ കൂട്ടി ചേര്‍ത്തു. 73 ശതമാനം വര്‍ദ്ധനവാണ് മുകേഷ് അംബാനി സമ്പത്തില്‍ വരുത്തിയിരിക്കുന്നത്. മൊത്തം ആസ്തി 88.7 ബില്യണ്‍ ഡോളറാണ്. ലോക്ക്‌ഡൌണിനിടയിലും റിലയന്‍സിന്റെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളില്‍ അംബാനി 20 ബില്യണ്‍ ഡോളറിലധികം നിക്ഷേപം സമാഹരിച്ചു. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു, ഫേസ്ബുക്കും ഗൂഗിളും ഉള്‍പ്പെടുന്ന നിക്ഷേപകരുടെ നീണ്ട നിര തന്നെയാണ് റിലയന്‍സില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. റിലയന്‍സ് റീട്ടെയിലിലാണ് ഇപ്പോള്‍ നിക്ഷേപം നടന്നു കൊണ്ടിരിക്കുന്നത്.
ഇന്‍ഫ്രാസ്ട്രക്ചര്‍ മാഗ്‌നറ്റ് എന്നറിയപ്പെടുന്ന ഗൗതം അദാനിയാണ് ഈ വര്‍ഷം രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ ആസ്തി 61 ശതമാനം വര്‍ധിച്ച് 25.2 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയുടെ എയര്‍പോര്‍ട്ട് രാജാവാകാന്‍ ആഗ്രഹിക്കുന്ന അദാനി, മുംബൈ വിമാനത്താവളത്തില്‍ 74% ഓഹരി സ്വന്തമാക്കി.
ജൂലൈയില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ സ്ഥാനം മകള്‍ റോഷ്‌നി നാടര്‍ മല്‍ഹോത്രയ്ക്ക് കൈമാറിയ ടെക് വ്യവസായി ശിവ് നാടാര്‍ 20.4 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെക് സ്ഥാപനത്തിന്റെ ഓഹരി വില ഈ വര്‍ഷം കുത്തനെ ഉയര്‍ന്നു.
ആഗോള ആരോഗ്യ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, ഫാര്‍മ സംരംഭകര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ അതിശയിക്കാനില്ല. ശതകോടീശ്വരന്‍ സൈറസ് പൂനവല്ലയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - അദ്ദേഹത്തിന്റെ മകന്‍ അദാറിന്റെ നേതൃത്വത്തില്‍ കോവിഡ് -19 വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള ഓട്ടത്തില്‍ പങ്കുചേര്‍ന്നു. ഇതോടെ അദ്ദേഹത്തിന്റെ സമ്പത്ത് 26 ശതമാനം വര്‍ധിച്ച് 11.5 ബില്യണ്‍ ഡോളറിലെത്തി.
സമ്പന്ന പട്ടികയില്‍ ഈ വര്‍ഷം ഒമ്പത് പുതുമുഖങ്ങളുണ്ട്. ജനപ്രിയ ജോലി പ്രോപ്പര്‍ട്ടി വെബ്സൈറ്റുകളുടെ ഉടമസ്ഥതയിലുള്ള ഇന്‍ഫോ എഡ്ജ് ഇന്ത്യയുടെ കോ ഫൌണ്ടര്‍ സഞ്ജീവ് ബിഖ്ചന്ദാനി, ഡിസ്‌കൗണ്ട് സ്റ്റോക്ക് ബ്രോക്കറേജ് സീറോഡ ബ്രോക്കിംഗിന്റെ കോ ഫൌണ്ടര്‍മാരും സഹോദരങ്ങളുമായ നിതിന്‍, നിഖില്‍ കാമത്ത്, വിനതി ഓര്‍ഗാനിക്‌സിന്റെ സ്ഥാപകന്‍ വിനോദ് സറഫ്, എസ്ആര്‍എഫിന്റെ തലവന്‍ അരുണ്‍ ഭാരത് റാം, ആരതി ഇന്‍ഡസ്ട്രീസ് ഉടമകളും സഹോദരന്മാരുമായ ചന്ദ്രകാന്ത്, രാജേന്ദ്ര ഗോഗ്രി എന്നിവരാണ് പട്ടികയിലെ പുതുമുഖങ്ങള്‍.
മൂന്നിലൊന്നിലധികം പേരുടെ സമ്പത്ത് ഈ വര്‍ഷം കുറഞ്ഞു. ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി ഉള്‍പ്പെടെയുളളവര്‍ ഈ വര്‍ഷം പിന്‍നിരയിലേയ്ക്ക് മാറി. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സിംഹഭാഗവും ഓഗസ്റ്റില്‍ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വാങ്ങിയിരുന്നു.