ഫോഡ് ജീവനക്കാര്‍ പ്രതിഷേധത്തില്‍; സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്ന് തമിഴ്‌നാട്

September 15, 2021 |
|
News

                  ഫോഡ് ജീവനക്കാര്‍ പ്രതിഷേധത്തില്‍; സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്ന് തമിഴ്‌നാട്

യുഎസ് ആസ്ഥാനമായുള്ള ഫോഡ് കമ്പനിയുടെ ഫാക്ടറി അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ ചൊവ്വാഴ്ച ചെന്നൈ മരൈലൈനഗറിലെ നിര്‍മാണ കേന്ദ്രത്തില്‍ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയതായും ചെന്നൈ ഫോഡ് എംപ്ലോയീസ് യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യവസായ മന്ത്രി തങ്കം തെന്നരസു, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെക്രട്ടേറിയറ്റില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ചെന്നൈ ഫോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 2,700 ഓളം ജീവനക്കാരുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കാതിരിക്കാന്‍ മാനേജ്‌മെന്റ് ബദല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളി യൂണിയന്‍ ആവശ്യപ്പെടുന്നത്. തൊഴിലാളി യൂണിയനുകള്‍ ഉന്നയിച്ച ആവശ്യം അമേരിക്കയിലെ കമ്പനി ആസ്ഥാനത്ത് അറിയിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. തീരുമാനം യുഎസ്സിലെ ആസ്ഥാനത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നും അവര്‍ അറിയിച്ചു.   

കഴിഞ്ഞ രണ്ട് ദിവസമായി ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ നടന്നുവന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു, ഇത് ചെന്നൈ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള മരൈലൈനഗറിലെ ഫാക്ടറിക്ക് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായി. സിഐടിയു പിന്തുണയോടെയായിരുന്നു പ്രതിഷേധം, സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് അവര്‍ ആവശ്യപ്പെടുന്നത്. ചെന്നൈ മരൈലൈനഗര്‍, സനന്ദ് (ഗുജറാത്ത്) പ്ലാന്റുകളില്‍ 2.5 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ച കമ്പനി ഈ ഫാക്ടറികളില്‍ നിന്നുളള ഉല്‍പ്പാദനം നിര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

4,000 ത്തോളം നേരിട്ടുള്ള ജീവനക്കാരുടെയും 40,000 ത്തോളം പരോക്ഷ തൊഴിലാളികളുടെയും ഭാവിയെ ഈ നീക്കം ബാധിക്കും. ഫോഡ് മോട്ടോര്‍ കമ്പനിയെ ആശ്രയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഭാവിയെയും തീരുമാനം പ്രതികൂലമായി ബാധിക്കും. പലര്‍ക്കും അടുത്ത 20 വര്‍ഷത്തേക്ക് ഉറപ്പായിരുന്ന തൊഴിലാണ് ഒറ്റയടിക്ക് ഇല്ലാതായതെന്നും ചര്‍ച്ച ഫലം കാണുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യൂണിയന്‍ വ്യക്തമാക്കി.

നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കുന്ന കമ്പനികള്‍ നിലവിലുള്ള തൊഴിലാളികളെ ജോലിക്കെടുക്കുമെന്ന രേഖാമൂലമുള്ള ഉറപ്പും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. പ്ലാന്റ് ഏറ്റെടുക്കുന്നവര്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നികുതി ഇളവ് ഉള്‍പ്പെടെയുള്ളവ നല്‍കാനും തമിഴ്‌നാട് സര്‍ക്കാരിന്റെ പദ്ധതി ഉളളതായാണ് ലഭിക്കുന്ന സൂചന.

Related Articles

© 2024 Financial Views. All Rights Reserved