
ന്യൂഡല്‍ഹി: ലോകത്ത് കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സഹായം പ്രഖ്യാപിച്ച് ഫോര്‍ഡ് ഇന്ത്യ. പ്രതിസന്ധി നേരിടാന്‍ ഇന്ത്യയെ സഹായിക്കുന്നതിനായി 1.48 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎസ് ആസ്ഥാനമായുള്ള കാര്‍ നിര്‍മ്മാതാക്കളാണ് ഫോര്‍ഡ്. നേരത്തെ നിരവധി മോട്ടോര്‍ നിര്‍മാണ കമ്പനികളാണ് ഇത്തരത്തില്‍ പാക്കേജ് പ്രഖ്യാരിച്ച് രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് പുറമേ കൊവിഡ് വ്യാപനം രൂക്ഷമായ ബ്രസീലിനും കമ്പനി ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി കമ്പനി മറ്റ് കിറ്റുകള്‍ക്കൊപ്പം സര്‍ജിക്കല്‍ മാസ്‌കുകള്‍, എന്‍ 95 മാസ്‌കുകള്‍ എന്നിവയും വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഫണ്ട് സംഭാവന ചെയ്ത ദുരിതാശ്വാസ സാമഗ്രികളുടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 'ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ലഘൂകരിക്കാന്‍ ഫോര്‍ഡ് 5 ദശലക്ഷം ശസ്ത്രക്രിയാ മാസ്‌കുകളും 100 കെ എന്‍ 95 മാസ്‌കുകളും 5000 ത്തോളം ഗൗണുകളും സംഭാവന ചെയ്യുന്നു. കൂടാതെ, ഇന്ത്യയിലും ബ്രസീലിലും അവശ്യ കോവിഡ് -19 ആശ്വാസം നല്‍കുന്ന സംഘടനകളെ സഹായിക്കുന്നതിന് ഫോര്‍ഡ് ഫണ്ട് 200,000 ഡോളറും സംഭാവന ചെയ്യുന്നുണ്ട്.
പ്രതിസന്ധി നേരിടുന്ന ഈ മണിക്കൂറില്‍ രാജ്യത്തെ സഹായിക്കാനുള്ള നടപടികളുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും അടുത്തിടെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയ്ക്ക് സഹായവും പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി മെയ് ഒന്നിനും മെയ് 9 നും ഇടയില്‍ ഹരിയാനയിലെ കമ്പനിയുടെ പ്ലാന്റുകളിലെ കാര്‍ ഉത്പാദനം നിര്‍ത്തുമെന്ന് മാരുതി സുസുക്കി അറിയിച്ചിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുമ്പോഴാണ് സമയത്താണ് മാരുതിയുടെ ശ്രമങ്ങള്‍.
ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സഹായിക്കുമെന്ന് ഹ്യൂണ്ടായിയും അറിയിച്ചിട്ടുണ്ട്. കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി പ്രഖ്യാപിച്ച 20 കോടി ദുരിതാശ്വാസ ഫണ്ടിന്റെ ഭാഗമായി, നിലവിലെ പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ത്യയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ആളുകളെ സഹായിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കാളിയായിരുന്നു. 122 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിര്‍മിച്ചുകൊണ്ടാണ് രംഗത്തെത്തിയിട്ടുള്ളത്. ഹരിദ്വാറിലെ രാമകൃഷ്ണ മിഷന്‍ സേവാശ്രമ, ജില്ലാ ഭരണകൂടം എന്നിവയുമായി ചേര്‍ന്നാണ് ഹീറോ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വ്യക്തിഗത ഉപയോഗത്തിനായി മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും ഹീറോ നല്‍കിയിട്ടുണ്ട്.