
ന്യൂഡല്‍ഹി: ഗൂഗിള്‍ പേ ഇന്ത്യയുടെ പുതിയ ഉപദേശകയായി ആക്‌സിസ് ബാങ്കിന്റെ മുന്‍ സിഇഒ ശിഖ ശര്‍മ്മയെ നിയമിച്ചു. ഇത് ഡിജിറ്റല്‍ പേമെന്റ് രംഗത്ത് ഗുണപരമായ പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്പനിയുടെ ജനറല്‍ മാനേജര്‍ സീസര്‍ സെന്‍ഗുപ്ത വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ കാലത്ത് ബെംഗളൂരുവിലെ ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിനുള്ള ഷോപ്പുകള്‍ കണ്ടെത്തുന്നതിനായി നിയര്‍ബൈ സ്‌പോട്ട് എന്ന സേവനം ഗൂഗിള്‍ പേ രംഗത്തിറക്കിയിരുന്നു. ഉടന്‍ തന്നെ ഈ സേവനം ഹൈദരാബാദ്, ചെന്നൈ, മുംബൈ, പുണെ, ഡല്‍ഹി എന്നിവിടങ്ങളിലും ലഭ്യമാക്കും.
അതേസമയം അഡൈ്വസര്‍ സ്ഥാനത്തേക്കുള്ള ശിഖ ശര്‍മ്മയുടെ വരവിനെ വളരെ പ്രതീക്ഷയോടെയാണ് കമ്പനി നോക്കിക്കാണുന്നത്. ഡിജിറ്റല്‍ പേമെന്റ് രംഗത്ത് കമ്പനിക്ക് ഇന്ത്യയില്‍ വെല്ലുവിളികളും മത്സരവും ഏറെയാണ്. അതിനാല്‍ തന്നെ മികച്ച സ്വാധീനം നേടിയെടുക്കാന്‍ സാധിക്കുന്ന നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ശിഖ ശര്‍മ്മയ്ക്ക് വലിയ പങ്ക് വഹിക്കാനാവുമെന്ന് കരുതുന്നുണ്ട്.