
ഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി(66) അന്തരിച്ചു. ശനയാഴ്ച്ച ഉച്ചയ്ക്ക് 12.07ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഐസിയുവില്‍ ചികിത്സയിലായിരുന്ന ജെയ്റ്റ്‌ലിയുടെ നില കഴിഞ്ഞ ഒരാഴ്ച്ചയായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം ഒന്‍പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.
വാജ്‌പേയി മന്ത്രിസഭയിലും ഒന്നാം മോദി സര്‍ക്കാരിലും അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. സംഗീത ജെയ്റ്റ്‌ലിയാണ് ഭാര്യ. മക്കള്‍: റോഹന്‍, സൊണാലി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു.
ഒന്നാം മോദി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന ജയ്റ്റ്ലി ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് വിട്ട് നിന്നത്. മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെയും അദ്ദേഹം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ദീര്‍ഘകാലം വിട്ട് നിന്നിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ്മ സ്വരാജ് ഈ മാസം ആറിന് എയിംസില്‍ അന്തരിച്ചിരുന്നു. ഒരു മാസത്തിനിടയില്‍ ബിജെപിക്ക് നഷ്ടമാകുന്നത് ഇത് രണ്ടാമത്തെ നേതാവാണ്.
ജയ്റ്റിലി ധനകാര്യ മന്ത്രിയായിരിക്കെയാണ് 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനവും പിന്നീട് ജിഎസ്ടി എന്നീ സുപ്രധാനമായ രണ്ട് തീരുമാനങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ കൈക്കൊണ്ടത്.മുന്‍പ് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും നരേന്ദ്ര മോദി മന്ത്രിസഭയിലാണ് ആദ്യമായി അരുണ്‍ ജയ്റ്റ്‌ലി കേന്ദ്ര ധനകാര്യമന്ത്രി പദം അലങ്കരിക്കുന്നത്. എന്‍ഡിഎ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായും നിയമ മന്ത്രിയായും ചുമതലയേറ്റിരുന്നു .രാജ്യസഭാ നേതാവ് , പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചു .
കോര്‍പ്പറേറ്റ് അഫെയര്‍സ് മന്ത്രിയായും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യവസായ മന്ത്രിയായിരിക്കെ ഇന്ത്യക്ക് വന്‍ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . സമ്പദ് രംഗത്തുനിന്ന് കള്ളപ്പണത്തിന്റെ സാന്നിധ്യം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുന്ന നോട്ട് നിരോധനം നടപ്പാക്കാനും , വരുമാന നികുതി 10 ലക്ഷം കോടിക്ക് മുകളിലേക്ക് എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടവിലായിരുന്നു. 73-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെ.പി. പ്രസ്ഥാനത്തില്‍ നേതാവായിരുന്നു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.
1989-ല്‍ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതി. 1991 മുതല്‍ ബിജെപി. ദേശീയ നിര്‍വാഹകസമിതിയിലുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.