മെലാനിയ ട്രംപ് ക്രിപ്‌റ്റോ ലോകത്തിലേക്ക്; എന്‍എഫ്ടി വില്‍പ്പനയ്ക്ക്

December 18, 2021 |
|
News

                  മെലാനിയ ട്രംപ് ക്രിപ്‌റ്റോ ലോകത്തിലേക്ക്; എന്‍എഫ്ടി വില്‍പ്പനയ്ക്ക്

മുന്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് തന്റെ നോണ്‍-ഫംജബ്ള്‍ ടോക്കണും (എന്‍എഫ്ടി) ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി സംരംഭവും ആരംഭിച്ചു. അത്തരം ആസ്തികളെ ചുറ്റിപ്പറ്റിയുള്ള സമീപകാല ചര്‍ച്ചകള്‍ക്കിടയിലേക്ക് കയറിക്കൂടിയ പുതിയ സെലിബ്രിറ്റിയാണ് മുന്‍ ഫസ്റ്റ് ലേഡി. 'ഡിജിറ്റല്‍ മെമ്മോറബിലിയ' പൂളിലേക്ക് എത്തിയ മെലാനിയ ട്രംപ് എന്‍എഫ്ടി ശേഖരത്തില്‍ നിന്നുള്ള ഒരു വലിയ വരുമാനത്തുക ഫോസ്റ്റര്‍ കെയറില്‍ നിന്നും വളര്‍ന്നു വരുന്ന മുതിര്‍ന്ന കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍എഫ്ടികളില്‍ ഇതുവരെ പല സെലിബ്രിറ്റികളും അവരുടെ സ്വകാര്യശേഖരത്തില്‍ നിന്നും ചില വിലപ്പെട്ട വസ്തുക്കള്‍ (ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികള്‍) വില്‍പ്പനയ്ക്ക് വച്ചിരുന്നു. മെലാനിയ അവതരിപ്പിച്ചത് 'മെലാനിയാസ് വിഷന്‍' എന്ന് പേരിട്ടിരിക്കുന്ന എന്‍എഫ്ടിയാണ്. ഫ്രഞ്ച് കലാകാരനായ മാര്‍ക്ക്-ആന്റോയിന്‍ കൂലോണ്‍ സൃഷ്ടിച്ച ഒരു ജലച്ചായാ ചിത്രമാണിത്. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പനയ്ക്ക് ലഭ്യമാകുന്ന ഡിജിറ്റല്‍ ആര്‍ട്ട്വര്‍ക്കിന്റെ വില 1 SOL അല്ലെങ്കില്‍ ഏകദേശം 150 ഡോളര്‍ ആയിരിക്കും.

ട്വിറ്റര്‍ സ്ഥാപകന്‍ ജാക് ഡൊര്‍സി തന്റെ ആദ്യ ട്വീറ്റ് എന്‍എഫ്ടിയാക്കി വിറ്റത് 29 ലക്ഷം ഡോളറിനാണ് (ഏകദേശം 21 കോടി രൂപ). ഗായിക ഗൗരി ലക്ഷ്മി പത്താം വയസ്സില്‍ എഴുതിയ പാട്ട് നിമ്മി മെല്‍വിന്‍ എന്ന വിഷ്വല്‍ ആര്‍ട്ടിസ്റ്റിന്റെ ഓയില്‍ പെയിന്റിങ്ങിനൊപ്പം എന്‍എഫ്ടിയിലെത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ അമിതാഭ് ബച്ചനും കേരളത്തിലെ താരം റിമ കല്ലിങ്കലും അടക്കം നിരവധി സെലിബ്രിറ്റികള്‍ എന്‍ എഫ് ടിയിലുണ്ട്. മുഖ്യമായും ഡിജിറ്റല്‍ കലാസൃഷ്ടികള്‍ക്കു വരുമാനം കണ്ടെത്താനുള്ള പുതിയ അവസരമാണ് ബ്ലോക്ചെയിന്‍ അധിഷ്ഠിത സാങ്കേതികവിദ്യയായ എന്‍എഫ്ടി വഴി തുറക്കുന്നത്. പണം ഉള്‍പ്പെടുന്നതിനാല്‍ ശ്രദ്ധയോടെ വേണം എന്‍എഫ്ടി ഇടപാടുകള്‍.

ബ്ലോക്ചെയ്നില്‍ സൂക്ഷിക്കുന്ന നിശ്ചിത യൂണിറ്റ് ഡേറ്റയാണ് എന്‍എഫ്ടി. ഫോട്ടോ, ഡിജിറ്റല്‍ ചിത്രങ്ങള്‍, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെയെന്തും ഡിജിറ്റല്‍ രൂപത്തില്‍ എന്‍എഫ്ടിയാക്കി മാറ്റാം. ഇടപാടുകള്‍ കൂടുതലും ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോകറന്‍സിയായ എഥേറിയം വഴിയാണ്. ടെസോസ് പോലെയുള്ള ക്രിപ്റ്റോകറന്‍സികളുമാകാം. ടോക്കണ്‍ ഇടപാടുകളിലാണ് ഇവ കൈമാറ്റം ചെയ്യപ്പെടുന്നത്.

Read more topics: # എന്‍എഫ്ടി, # NFT,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved