
വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഒക്ടോബറില്‍ ഇതുവരെ 1,086 കോടി രൂപ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിക്ഷേപിച്ചു. മെച്ചപ്പെട്ട ജിഎസ്ടി വരുമാനം, സാമ്പത്തിക പ്രവര്‍ത്തനത്തിലെ ത്വരിതപ്പെടുത്തല്‍, ആഗോള സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രോത്സാഹജനകമായ ഘടകങ്ങളാണ് നിക്ഷേപം ഉയരാനിടയാക്കിയത്.
ഡെപ്പോസിറ്ററികളുടെ കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ ഒമ്പത് വരെയുളള കാലയളവില്‍ വിദേശ നിക്ഷേപകര്‍ 5,245 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചു. സമാന കാലയളവില്‍ 4,159 കോടി രൂപ ഡെറ്റ് വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇതോടെ വിപണിയിലേക്കുളള മൊത്തം വരവ് 1,086 കോടി രൂപയായി. സെപ്റ്റംബറില്‍ എഫ്പിഐകള്‍ വിപണിയില്‍ നിന്ന് 3,419 കോടി രൂപ പിന്‍വലിച്ചിരുന്നു. ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങള്‍ ഒക്ടോബറില്‍ ഇതുവരെയുളള മൊത്തം നിക്ഷേപ വരവിന് സഹായകരമായതായി ഗ്രോവിലെ സഹസ്ഥാപകനും സിഒഒയുമായ ഹര്‍ഷ് ജെയ്ന്‍ പറഞ്ഞു.
ഏഷ്യന്‍ വിപണികള്‍ക്ക് ആശ്വാസം. പ്രതീക്ഷിച്ചതിലും മികച്ച രീതിയിലുളള രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രകടനം, വര്‍ദ്ധിച്ചുവരുന്ന ജിഎസ്ടി വരുമാനം, സമ്പദ് വ്യവസ്ഥയുടെ അണ്‍ലോക്ക് പ്രവര്‍ത്തനങ്ങള്‍ എന്നിവ ആകര്‍ഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാകാന്‍ ഇന്ത്യയെ സഹായിക്കുന്നുവെന്ന് ജെയ്ന്‍ പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റോര്‍ഡേര്‍ഡിനോട് പറഞ്ഞു.
കൂടാതെ, ആഗോള വിപണികള്‍ കോവിഡ്19 ന് മുമ്പുള്ള അവസ്ഥയിലേക്ക് പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ വിപണികളായ ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നിവടങ്ങളിലും ഈ ആഴ്ച എഫ്പിഐ പോസിറ്റീവ് മുന്നേറ്റം ദൃശ്യമായി. രൂപ X ഡോളര്‍ പ്രകടനം 74 ല്‍ നിന്ന് 73.1 ലേക്ക് മെച്ചപ്പെട്ടതും ഡോളര്‍ സൂചികയിലെ തിരുത്തലും എഫ്പിഐയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്കിനെ പിന്തുണയ്ക്കുന്നു, ''പിസിജി, കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റുസ്മിക് ഓസ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകളുടെ ധനനയ നിലപാട് നിക്ഷേപകര്‍ക്ക് അനുകൂലമായി തുടരുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം വരവ് ഉറപ്പാക്കുമെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. ആഗോള തലത്തില്‍, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 അണുബാധകളും യുഎസും ചൈനയും തമ്മിലുള്ള പിരിമുറുക്കവും എഫ്പിഐ പ്രവാഹത്തെ സ്വാധീനിക്കുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.