
മുംബൈ: വര്‍ദ്ധിച്ചുവരുന്ന പണ ലഭ്യതയ്ക്കും ഉയര്‍ന്ന റിസ്‌ക് പ്രതിസന്ധികള്‍ക്കുമിടയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ജൂണ്‍ 19 വരെ ഇന്ത്യന്‍ മൂലധന വിപണികളിലേക്ക് 17,985 കോടി രൂപ നിക്ഷേപിച്ചു. ഡെപ്പോസിറ്ററികളുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ 19 വരെയുളള കാലയളവില്‍ എഫ്പിഐകള്‍ 20,527 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചു.
അതേസമയം എഫ്പിഐകള്‍ ഡെബ്റ്റ് വിഭാഗത്തില്‍ നിന്ന് 2,569 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ മൊത്തം അറ്റ നിക്ഷേപം 17,985 കോടി രൂപയിലെത്തി. ഇതിനുമുമ്പ്, വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി മൂന്ന് മാസം പിന്‍വലിക്കല്‍ വികാരത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. മെയ് മാസത്തില്‍ 7,366 കോടി രൂപയും ഏപ്രിലില്‍ 15,403 കോടി രൂപയും മാര്‍ച്ചില്‍ 1.1 ട്രില്യണ്‍ രൂപയുടെ റെക്കോര്‍ഡ് പിന്‍വലിക്കലാണ് അവര്‍ നടത്തിയത്.
ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകള്‍ ദ്രവ്യത വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഇക്വിറ്റികള്‍ പോലുള്ള ഉയര്‍ന്ന റിസ്‌ക് ഫാക്ടറുളള ഇടങ്ങളിലേക്കുളള നിക്ഷേപവും ഗണ്യമായി വര്‍ദ്ധിക്കുന്നു. വളര്‍ന്നുവരുന്ന വിപണികളില്‍ ഇന്ത്യ മികച്ച സ്ഥാനത്ത് നില്‍ക്കുന്നതിനാല്‍ ഈ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്ന് ഗ്രോവിന്റെ സഹസ്ഥാപകനും സിഒഒയുമായ ഹര്‍ഷ് ജെയിന്‍ പറഞ്ഞു.