ബാങ്കിംഗ് മേഖലയില്‍ നിന്ന് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 50,000 കോടി രൂപ

January 08, 2022 |
|
News

                  ബാങ്കിംഗ് മേഖലയില്‍ നിന്ന് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 50,000 കോടി രൂപ

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ബാങ്കിംഗ്, ധനകാര്യ കമ്പനികളുടെ ഓഹരി നിക്ഷേപങ്ങളില്‍ നിന്നും 50,000 കോടി രൂപയുടെ ഓഹരികളും കടപ്പത്രങ്ങളും ഈ സാമ്പത്തിക വര്‍ഷത്തെ (2021-22 ) ആദ്യ മൂന്ന് പാദങ്ങളില്‍ വിറ്റഴിച്ചതോടെ ബാങ്കിംഗ് നിഫ്റ്റി സൂചികയില്‍ വന്‍ ഇടിവുണ്ടായി. 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഉള്ള കാലയളവില്‍ ബാങ്കിംഗ്-ധനകാര്യ മേഖലയില്‍ നിന്ന് പിന്‍വലിച്ച മൊത്തം തുകയില്‍ 41,249 കോടി ( 81 ശതമാനം) ഓഹരികളിലെ നിക്ഷേപവും ബാക്കി കടപ്പത്ര നിക്ഷേപങ്ങളുമായിരുന്നു.

ബാങ്ക് നിഫ്റ്റി സൂചിക ഒക്ടോബറില്‍ 2021 ലെ ഉയര്‍ന്ന നിലയായ 41442 ല്‍ നിന്ന് 9 ശതമാനം കുറഞ്ഞ് 37600 നിലയിലേക്ക് താഴ്ന്നു. ബാങ്കിംഗ് മേഖല കഴിഞ്ഞ ദശാബ്ദത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും നഷ്ടസാദ്യത ക്രമീകരിക്കുന്നതിനും കൂടുതലായി ബാങ്കിംഗ്-ധനകാര്യ ഓഹരികളില്‍ അമിതമായ നിക്ഷേപം കുറക്കാനുമാണ് വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചത്. ബാങ്കിംഗ് ഓഹരികളുടെ ഗതി നിര്‍ണയിക്കുന്നതില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് വലിയ പങ്കുണ്ട്. അവരുടെ മൊത്തം നിക്ഷേപത്തിന്റെ മൂന്നില്‍ ഒരു ഭാഗം ബാങ്കിംഗ് ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളിലാണ് .

ബാങ്കുകളുടെ വായ്പകള്‍ വര്‍ദ്ധിക്കുമോ എന്നതും അസ്ഥികളുടെ ഗുണ നിലവാരത്തിലുള്ള ആശങ്കയും നിലനില്‍ക്കുന്നതാണ് ബാങ്കിംഗ് ഓഹരികളെ കൈവിടാന്‍ കാരണം. കടപ്പത്രങ്ങളില്‍ നിന്നും പിന്‍വലിച്ച 9743 കോടിയില്‍ നോണ്‍ ബാങ്കിംഗ് ഫൈനാന്‍സ് കമ്പനികളില്‍ നിന്ന് 8029 കൊടിയും ബാങ്കുകളുടെ 1714 കോടി രൂപയും ഉള്‍പ്പെടുന്നു . കോവിഡ് വ്യാപനം ഒമൈക്രോണിലൂടെ തുടരുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 6 ശതമാണമായി കുറയാന്‍ സാധ്യത ഉണ്ടെന്ന് എച്ഡിഎഫ്‌സി ബാങ്ക് കരുതുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ശരാശരി 9 ശതമാനം ജിഡിപി നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷ.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved