
കോവിഡ് വ്യാപനവും അതേ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയതും മൂലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ അകലുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 1 മുതല്‍ 16 വരെ കാലയളവില്‍ 4615 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചതെന്നാണ് ഇതു സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓഹരി വിപണിയില്‍ നിന്ന് 4643 കോടി രൂപ ആകെ പിന്‍വലിക്കുകയും അതില്‍ 28 കോടി രൂപ ഡെബ്റ്റ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിച്ചുവെന്നും ഡിപ്പോസിറ്റേഴ്സ് ഡാറ്റ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ചില്‍ 17304 കോടി രൂപയും ഫെബ്രുവരിയില്‍ 23663 കോടി രൂപയും ജനുവരിയില്‍ 14649 കോടി രൂപയും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം കറന്‍സിയുടെ മൂല്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന തകര്‍ച്ചയും വിദേശ നിക്ഷേപകരെ പിന്‍വലിയാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകമാണ്. ഓഹരി വിപണിയില്‍ ഫാര്‍മ സൂചിക ഒഴികെയുള്ള മേഖലകളെല്ലാം കഴിഞ്ഞയാഴ്ച താരതമ്യേന മോശം പ്രകടനം കാഴ്ചവെച്ചതും നിക്ഷേപകരെ ചിന്തിപ്പിച്ചു.