
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നതിന്റെ ആശങ്കയില്‍ വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും നിക്ഷപം പിന്‍വലിക്കുന്നത് ശക്തമാക്കി. മെയ് ആദ്യ വാരം വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും 5,936 കോടി രൂപയാണ് പിന്‍വലിച്ചത്. ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി ആറ് മാസങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് പ്രാധാന്യം നല്‍കിയ വിദേശ നിക്ഷേപകര്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ ഓഹരികളില്‍ നിന്നും പിന്‍വലിയുന്ന പ്രവണതയാണ് പ്രകടമാക്കുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും ഏപ്രിലില്‍ വിദേശ നിക്ഷേപകര്‍ 9,659 കോടി രൂപ പിന്‍വലിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിയാനുള്ള പ്രധാന കാരണം. ആശങ്ക വിദേശ നിക്ഷേപകരില്‍ നിലനില്‍ക്കുകയാണെങ്കില്‍ ഈ പ്രവണ തുടര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ നിക്ഷേപത്തിന്റെ ലാഭമെടുക്കാനും വിദേശ നിക്ഷേപകര്‍ തുടങ്ങിയിട്ടുണ്ട്. ഇതും ഇന്ത്യന്‍ ഓഹരികളില്‍ നിന്നും നിക്ഷേപം പുറത്തേക്കൊഴുകാന്‍ നിലവില്‍ കാരണമാകുന്നുണ്ട്.ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ 40,146 കോടി രൂപയുടെ നിക്ഷേപം നടത്തി. അതേസമയം ഡെറ്റ് സെക്യൂരിറ്റികളില്‍ നിന്നും 15,547 കോടി രൂപ പിന്‍വലിച്ചു.