
യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ചെയ്യാവുന്ന തൊഴിലുകള്‍ ലിസ്റ്റ് ചെയ്ത് ക്വാട്ട സമ്പ്രദായം പരിഷ്‌കരിക്കുമെന്ന് ഫഞ്ച് തൊഴില്‍ മന്ത്രി. വര്‍ധിച്ചുവരുന്ന കുടിയേറ്റത്തോടുള്ള ജനങ്ങളുടെ ആശങ്കയും കുടിയേറ്റ നിയന്ത്രണത്തിനായി വലതുപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന സമ്മര്‍ദവും കണക്കിലെടുത്താണ് തീരുമാനം. അടുത്ത വേനലോടെ ഈ സമ്പ്രദായം പരിഷ്‌കരിക്കാന്‍ തീരുമാനമെന്നും അത്യാവശ്യം വേണ്ട തൊഴിലുകളൊക്കെ പട്ടികയില്‍ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും തൊഴില്‍ മന്ത്രി മുറിയേല്‍ പെനികോഡ് പറഞ്ഞു.
വര്‍ധിച്ചുവരുന്ന കുടിയേറ്റത്തോട് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ക്വാട്ട സമ്പ്രദായം കൊണ്ടുവരുന്നതിനോട് യോജിക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. തീവ്ര വലതുപക്ഷ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കിലും വോട്ടര്‍മാരുടെ ആശങ്ക കാണാതെ മുന്നോട്ടുപോകാനാവില്ലെന്ന് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിനും വ്യക്തമായറിയാം. അതിനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
ഫ്രഞ്ചുകാരെ തൊഴില്‍മേഖലയിലേക്ക് മടക്കിക്കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി. ഫ്രാന്‍സിലേക്ക് കുടിയേറിയ അഭയാര്‍ഥികളുമുണ്ട്. അവരെയും തൊഴില്‍രംഗത്തേക്ക് കൊണ്ടുവരണം. മറ്റു രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അവസരം നല്‍കുന്നത് അതിനുശേഷമായിരിക്കും. ഫ്രഞ്ചുകാര്‍ക്കും അഭയാര്‍ഥികള്‍ക്കും തൊഴില്‍ നല്‍കിയശേഷവും അവസരങ്ങളുണ്ടെങ്കില്‍, കമ്പനികള്‍ക്ക് പ്രൊഫഷണലുകളെ ആവശ്യമുണ്ടെങ്കില്‍ യോഗ്യതയനുസരിച്ചുള്ള ക്വാട്ട സമ്പ്രദായത്തിലൂടെ അവരെ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം 33,000 വിസകളാണ് യൂറോപ്യന്‍ യൂണിയനുപുറത്തുനിന്നുള്ള രാജ്യക്കാര്‍ക്കായി ഫ്രാന്‍സ് അനുവദിച്ചത്. നിര്‍മ്മാണ മേഖലയിലും ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും റീട്ടെയില്‍ സ്റ്റോറുകളിലും വേണ്ടത്ര ആളുകളെ കിട്ടുന്നില്ലെന്ന പരാതി നില്‍ക്കെയാണ് വിദേശത്തുനിന്ന് വലിയ ജോലികള്‍ക്കായി കൂടുതല്‍ പേരെത്തുന്നത്. ഐ.ടി, എന്‍ജിനീയറിങ് മേഖലകളില്‍ ഫ്രഞ്ചുകാരായ പ്രൊഫഷണലുകള്‍ കുറവായതുകൊണ്ടാണ് ഈ മേഖലകളില്‍ കമ്പനികള്‍ വിദേശികളെ ആശ്രയിക്കേണ്ടിവരുന്നത്.
വിദേശികള്‍ക്ക് ക്വാട്ട സമ്പ്രദായം കൊണ്ടുവരികയെന്ന ആശയം പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പിയാണ് കഴിഞ്ഞമാസം കൊണ്ടുവന്നത്. എന്നാല്‍, ഓരോ രാജ്യക്കാര്‍ക്കും എത്ര വിസ വീതം നല്‍കാനാണ് തീരുമാനമെന്ന കാര്യം തൊഴില്‍ മന്ത്രി വ്യക്തമാക്കിയില്ല. ഫ്രാന്‍സിലെ തൊഴിലില്ലായ്മ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 8.5 ശതമാനമാണ്. സ്ഥിതി ഇത്രയും രൂക്ഷമായിരിക്കെ, വിദേശത്തുനിന്നുള്ള കുടിയേറ്റം നിര്‍ബാധം അനുവദിക്കുന്ന മാക്രോണ്‍ സര്‍ക്കാരിനെതിരെ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം രൂക്ഷമാണ്. അതിനെ തണുപ്പിക്കുകയെന്ന ലക്ഷ്യം കൂടി ക്വാട്ട സമ്പ്രദായത്തിനുണ്ട്.