ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഇടപാടുകളില്‍ വീഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട്

August 04, 2020 |
|
News

                  ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഇടപാടുകളില്‍ വീഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട്

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തനം മരവിപ്പിച്ച ഡെറ്റുഫണ്ടുകളുടെ ഇടപാടുകളില്‍ വീഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോര്‍ട്ട്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ച ഓഡിറ്റ് സ്ഥാപനമായ ചോക്സി ആന്‍ഡ് ചോക്സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്.

റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സെബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. മെയ് മാസത്തിലാണ് ഫോറന്‍സിക് ഓഡിറ്റ് നടത്താനായി സെബി ചോക്സി ആന്‍ഡ് ചോക്സിയെ നിയോഗിച്ചത്. സെബിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണോ ഫണ്ട് കമ്പനി പ്രവര്‍ത്തിച്ചതെന്നതുള്‍പ്പടെയുള്ള വിവരങ്ങളാണ് ഓഡിറ്റ് കമ്പനി പരിശോധിച്ചത്.

ഏപ്രില്‍ 23നാണ് ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഉയര്‍ന്ന ആദായം നല്‍കി വന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. 25,856 കോടി രൂപയാണ് ഈ ഫണ്ടുകളുടെ മൊത്തം ആസ്തി. മൂന്നു ലക്ഷത്തിലേറെ പേരാണ് ഈ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. കോവിഡ് വ്യപനത്തെതുടര്‍ന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതാണ് ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നായിരുന്നു എഎംസിയുടെ വിശദീകരണം.

ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഷോട്ട് ടേം ഇന്‍കം ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്‌ക് ഫണ്ട്,  ഫ്രാങ്ക്ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്,  ഫ്രാങ്ക്ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യൂറല്‍ ഫണ്ട്,  ഫ്രാങ്ക്ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവയുടെ പ്രവര്‍ത്തനമാണ് മരിവിപ്പിച്ചത്. ഈ പദ്ധതികളില്‍ തുടര്‍ന്നും നിക്ഷേപിക്കുന്നതിനും പണം പിന്‍വലിക്കുന്നതിനുമുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.

Related Articles

© 2025 Financial Views. All Rights Reserved