സൗജന്യ ഭക്ഷ്യകിറ്റ് വിതരണം: കടത്തിലായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍; നല്‍കാനുള്ളത് 200 കോടി രൂപയിലേറെ; ഓണക്കിറ്റ് അനിശ്ചിതത്വത്തില്‍

July 20, 2021 |
|
News

                  സൗജന്യ ഭക്ഷ്യകിറ്റ് വിതരണം: കടത്തിലായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍; നല്‍കാനുള്ളത് 200 കോടി രൂപയിലേറെ; ഓണക്കിറ്റ് അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തില്‍ കടത്തിലായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍. ഉല്‍പന്നങ്ങള്‍ വാങ്ങിയ വകയില്‍ വിതരണക്കാര്‍ക്ക് കഴിഞ്ഞ മാസം മാത്രം നല്‍കാനുള്ള കുടിശിക 200 കോടി രൂപയിലേറെ. പണം ലഭിക്കാത്തതിനാല്‍ വിതരണക്കാര്‍ പ്രതിസന്ധിയിലായി. കുടിശിക തുക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ സപ്ലൈകോയുടെ ഓണക്കിറ്റിലേക്കുള്ള ഉല്‍പന്നങ്ങളുടെ പര്‍ച്ചേസിനെയും ബാധിക്കും. കുടിശിക തീര്‍ക്കാനും ഓണക്കിറ്റിലേക്കുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാനും ഈ മാസം ആദ്യം സര്‍ക്കാര്‍ അനുവദിച്ച പണം ഇതുവരെ കോര്‍പറേഷനു ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. 500 കോടി രൂപയാണ് സര്‍ക്കാര്‍ കോര്‍പറേഷന് അനുവദിച്ചിരിക്കുന്നത്. ഓണക്കിറ്റിന് മാത്രം 420.5 കോടിയുടെ ചെലവു വരും.

കിറ്റ് വിതരണത്തിനായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള കമ്മിഷന്‍ ഇനത്തില്‍ 4.30 കോടി രൂപയും ചെലവുണ്ട്. 444.50 രൂപയുടെ കിറ്റ്  86 ലക്ഷം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ കിറ്റ് ഒന്നിന് സപ്ലൈകോയ്ക്ക് 489 രൂപ ചെലവാകും. പണമനുവദിച്ചിട്ടും തുക കോര്‍പറേഷനു ലഭിക്കാത്തതിന്റെ കാരണം ബന്ധപ്പെട്ട മന്ത്രിമാരും ഫിനാന്‍സ് മാനേജരും ഫയലില്‍ ഒപ്പിടാന്‍ വൈകുന്നതാണ്. നടപടിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പണം ലഭ്യമായാലുടന്‍ കുടിശിക തീര്‍ക്കുമെന്നും സപ്ലൈകോ ഫിനാന്‍സ് വിഭാഗം അറിയിച്ചു. 10 മാസമായി കിറ്റ് വിതരണത്തിലെ കമ്മിഷന്‍ വിതരണം ചെയ്യാത്തതിനാല്‍ റേഷന്‍ വ്യാപാരികളും പ്രതിസന്ധിയിലാണ്.

Related Articles

© 2024 Financial Views. All Rights Reserved