'പേ ലേറ്റര്‍' അവതരിപ്പിച്ചു; പണം പിന്നീട് അടയ്ക്കാന്‍ സംവിധാനമൊരുക്കി ഫ്രീചാര്‍ജ്

May 25, 2021 |
|
News

                  'പേ ലേറ്റര്‍' അവതരിപ്പിച്ചു; പണം പിന്നീട് അടയ്ക്കാന്‍ സംവിധാനമൊരുക്കി ഫ്രീചാര്‍ജ്

കൊച്ചി: സാമ്പത്തിക സേവനങ്ങള്‍ക്കുള്ള പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫ്രീചാര്‍ജ് ഉപഭോക്താക്കള്‍ക്കായി 'പേ ലേറ്റര്‍' (പിന്നീട് പണം അടയ്ക്കല്‍) സംവിധാനം അവതരിപ്പിച്ചു. ചെറിയ വാങ്ങലുകള്‍ക്കെല്ലാം ഒരുമിച്ച് ഒറ്റ ക്ലിക്കിലൂടെ പേയ്‌മെന്റുകള്‍ നടത്താന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.

ഒരു മാസത്തെ ചെലവുകള്‍ സമാഹരിക്കപ്പെടുന്നതിനാല്‍ ആകെത്തുക ഉപയോക്താക്കള്‍ക്ക് മാസാവസാനം തടസമില്ലാത്ത രീതിയില്‍ അടയ്ക്കാനാവും. ഫ്രീചാര്‍ജ് പ്ലാറ്റ്‌ഫോമിലും പതിനായിരത്തിലധികം വരുന്ന വ്യാപാരികളുടെ നെറ്റ്വര്‍ക്കിലും ഓണ്‍ലൈനായും ഓഫ്ലൈനായും പേ ലേറ്റര്‍ ഓപ്ഷന്‍ ഉപയോഗിക്കാം.

'പേ ലേറ്റര്‍' ഓപ്ഷനിലൂടെ കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും ഭക്ഷണം, മരുന്നുകള്‍, പലചരക്ക് തുടങ്ങിയവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും. മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് ഓപ്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി പേ ലേറ്റര്‍ ഉപയോഗിക്കാന്‍ കാര്‍ഡ് നമ്പറുകള്‍ ഓര്‍മിക്കല്‍/ സേവ് ചെയ്യല്‍, വാലറ്റ് നിറയ്ക്കല്‍, ഒടിപി അംഗീകാരങ്ങള്‍ തുടങ്ങിയവയുടെ ആവശ്യവുമില്ല. സുരക്ഷിതമായ ഒറ്റ ക്ലിക്കിലൂടെ തന്നെ എല്ലാ പേയ്‌മെന്റുകളും നടത്താം.

തുടക്കത്തില്‍ ഉപഭോക്താക്കളുടെ പ്രതിമാസ ക്രെഡിറ്റ് പരിധി 5,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ പ്രൊഫൈലിനെ ആശ്രയിച്ച് ഭാവിയില്‍ ഈ ഉപയോഗ പരിധി വര്‍ധിപ്പിക്കും. ഇതേസമയം, 'പേ ലേറ്റര്‍' ഉപയോഗത്തിന് നിശ്ചിത പ്രോസസിങ് ഫീസും പലിശയും ഫ്രീചാര്‍ജ് ഈടാക്കും. എന്നാല്‍ മാസാവസാനത്തെ 'പേ ലേറ്റര്‍' ബില്‍ തിരിച്ചടയ്ക്കുന്നതിന് ഈ പലിശ തുക ഉപഭോക്താവിന്റെ ഫ്രീചാര്‍ജ് വാലറ്റിലേക്ക് ക്യാഷ്ബാക്ക് ആയി തിരികെ ക്രെഡിറ്റ് ചെയ്യുമെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇതൊരു ഭാരമായി മാറില്ലെന്ന് കമ്പനി പറയുന്നു.

ഉപയോക്താക്കളുടെ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനാണ് ക്രെഡിറ്റ് പരിധി പിന്തുണയോടെയുള്ള തടസരഹിത പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചതെന്ന് ഫ്രീചാര്‍ജ് സി.ഇ.ഒ സിദ്ധാര്‍ഥ് മെഹ്ത പറഞ്ഞു. ഈ രംഗത്ത് ദ്രുതഗതിയിലുള്ള ഡിജിറ്റൈസേഷന്‍ നടക്കുമ്പോള്‍ തടസമില്ലാത്തതും അനായാസവുമായ പേയ്‌മെന്റ് അനുഭവം ഉപഭോക്തൃ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറെ സവിശേഷതയുള്ളതാണ്. ഉപയോക്താക്കള്‍ മൊത്തത്തിലുള്ള പ്രക്രിയയുമായി പൊരുത്തപ്പെടുന്നതുവരെ ഞങ്ങള്‍ ഒരു ചെറിയ ഉപയോഗ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും മേത്ത കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved