
ന്യൂയോര്‍ക്ക്: ലോക ധനികരുടെ പട്ടികയിലെ രണ്ടാം സ്ഥാനം ബില്‍ ഗേറ്റ്‌സിന് നഷ്ടമായതാണ് ഇപ്പോള്‍ ആഗോള തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്. ഫ്രഞ്ചുകാരനായ ബെര്‍ണാര്‍ഡ് ആര്‍നോള്‍ഡാണ് ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കിയത്. ലോകത്തെ ശത കോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂം ബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്‌സ് പുതിയ റിപ്പോര്‍ട്ട് പങ്കുവെക്കുമ്പോള്‍ മുകേഷ് അംബാനിയ്ക്ക് 14ാം സ്ഥാനമാണെന്നതും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.
ആഡംബര വസ്തുക്കളുടെ നിര്‍മാണ കമ്പനി എല്‍വിഎംഎച്ചചീഫ് ഓപ്പറേറ്റിങ് ഓഫിസറാണ് ആര്‍നോള്‍ഡ്. 108 ബില്യണ്‍ യു എസ് ഡോളറാണ് ഈ ഫ്രഞ്ചുകാരന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ ആസ്തി 107 ബില്യണ്‍ കോടി യു എസ് ഡോളറും. പാരീസിലെ നേത്രദാമിലെ പ്രശസ്തമായ പളളി തീപിടുത്തത്തെ തുടര്‍ന്ന് നശിച്ചപ്പോള്‍ പുനര്‍ നിര്‍മാണത്തിനായി ആര്‍നോള്‍ഡ് സഹായ വാഗ്ദാനം നല്‍കിയത് 224 മില്യണ്‍ യു എസ് ഡോളറാണ്. ഇതോടെ ആര്‍നോള്‍ഡ് ലോക ശ്രദ്ധയിലെത്തുകയും ചെയ്തു.
എന്നാല്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 125 ബില്യണ്‍ യു എസ് ഡോളറാണ് ബെസോസിന്റെ ആസ്തി. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നും ബില്‍ ഗേറ്റ്സ് പിന്നോട്ട് പോയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവിടുന്ന കാര്യത്തില്‍ മറ്റാരെക്കാളും മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹമാണന്നും ബ്ലൂംബര്‍ഗ്ഗ് വ്യക്തമാക്കി.
5190 കോടി യുഎസ് ഡോളറിന്റെ ആസ്തിയുള്ള റിലയന്‍സ് മേധാവി മുകേഷ് അംബാനിയ്ക്ക് പട്ടികയില്‍ പതിനാലാം സ്ഥാനമാണ് ലഭിച്ചത്. 7550 കോടി യുഎസ് ഡോളര്‍ ആസ്തിയുള്ള ഫേസ്ബുക്ക് സ്താപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പട്ടികയില്‍ അഞ്ചാം സ്ഥാനമാണ്.
അനിലിനെ സഹായിക്കാന്‍ മുകേഷെത്തി: ബിസിനസ് ലോകത്തെ സഹോദര സ്‌നേഹം ചര്‍ച്ചയാകുന്നു
സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരന്‍ അനില്‍ അംബാനിയെ സഹായിക്കാന്‍ മുകേഷ് അംബാനി രംഗത്തെത്തിയെത് ഏറെ ശ്രദ്ധ നേടിയിരുന്നു. 75000 കോടി കടമുള്ള അനില്‍ അംബാനിയുടെ ആസ്തികള്‍ ലേലത്തില്‍ വിളിച്ചെടുക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നീക്കം. ഇരുകമ്പനികളും ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.
അനില്‍ അംബാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(ആര്‍കോം) വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആര്‍കോമിന്റെ ആസ്തികള്‍ക്കായി ലേലം വിളിക്കാന്‍ റിലയന്‍സ് ജിയോ പദ്ധതിയിട്ടിട്ടുണ്ട്. വിവിധ സര്‍ക്കിളുകളിലായി 5 ജി സര്‍വീസുകള്‍ തുടങ്ങാനിരിക്കുന്ന ജിയോക്ക് ആര്‍കോമിന്റെ ആസ്തികള്‍ ഉപയോഗപ്പെടുത്താനാകും.
ആര്‍കോമിന്റെ എയര്‍വേവുകളും ടവറുകളും ലേലത്തിലൂടെ സ്വന്തമാക്കാന്‍ റിലയന്‍സ് ജിയോ താല്‍പ്പര്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവി മുംബൈയിലെ അനിലിന്റെ സ്വത്ത് വാങ്ങാനും മുകേഷിന് താല്‍പ്പര്യമുണ്ട്. കൂടാതെ അനില്‍ അംബാനിയുടെ ധീരുഭായ് അംബാനി നോളജ് സിറ്റി (ഡികെസി) സ്വന്തമാക്കാനും ആഗ്രഹമുണ്ട്.