എയര്‍ ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി ശക്തം; ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തത് മൂലം വിമാനങ്ങള്‍ വൈകുന്നു

August 31, 2019 |
|
News

                  എയര്‍ ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി ശക്തം; ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തത് മൂലം വിമാനങ്ങള്‍ വൈകുന്നു

ന്യൂഡല്‍ഹി: ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തത് മൂലം എയര്‍ ഇന്ത്യയുടെ വിവിധ വിമാന സര്‍വീസുകള്‍ വൈകുന്നതായി റിപ്പോര്‍ട്ട്. ചണ്ഡിഗണ്ഡിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ഇത് മൂലം നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ യാത്രക്കാരുമായി ബന്ധപ്പെട്ട എല്ലാ  പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. അതേസമയം  എയര്‍ ഇന്ത്യ ഇന്ധനം നിറച്ച വകയില്‍ രാജ്യത്തെ വിവിധ എണ്ണ കമ്പനികള്‍ക്ക് ഭീമമായ തുക നല്‍കാനുണ്ടെന്നാണ് വിവരം. 5000 കോടി രൂപയലിധികം തുക ഇന്ധനം നിറച്ച വകയില്‍ എയര്‍ ഇന്ത്യ വിവിധ കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്ത സാഹചര്യം എയര്‍ ഇന്ത്യക്ക് ഇനിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തത  മൂലം എയര്‍ ഇന്ത്യയുടെ വിവിധ സര്‍വീസുകള്‍ മുടങ്ങുന്നത് പതിവാണ്. 

അതേസമയം എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം പൂര്‍ണമായും നടപ്പിലാക്കിയാല്‍ മാത്രമേ എയര്‍ ഇന്ത്യക്ക് ലാഭം നേടാന്‍ സാധിക്കുകയുള്ളുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 2018-2019 സാമ്പത്തിക വര്‍ഷം വരെ എയര്‍ ഇന്ത്യയുടെ ആകെ കടമായി രേഖപ്പെടുത്തിയിട്ടുള്ളത് 58,352 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറണമെങ്കില്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിച്ചേ മതിയാകൂ. എന്നാല്‍ ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തത് കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. പ്രശ്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന് വേഗത്തില്‍ ഇടപെടാന്‍ സാധിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം തന്നെ നിലച്ചുപോകും.

Related Articles

© 2025 Financial Views. All Rights Reserved