
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസല്‍ വില നൂറ് കടന്നു. ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. ഇടുക്കി പൂപ്പാറയില്‍ ഇന്നത്തെ ഡീസല്‍ വില 100.10 ഉം, അണക്കരയില്‍ 100.07 ഉം ആണ്. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയില്‍ 104.72 രൂപയുമാണ് വില, കോഴിക്കോട് 104. 94 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേനയുള്ള ഇന്ധന വില വര്‍ധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ വകവെക്കാതെ എണ്ണകമ്പനികള്‍ ദിവസേനെ വില വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധന വില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങുകയും ചെയ്തു.
വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.