
കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കണക്കിന് പോയാല്‍ വിലവര്‍ദ്ധന റെക്കോര്‍ഡ് മറികടക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ കടന്നു എന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ഡീസലിന് 79 രൂപയും കവിഞ്ഞു. ഇന്ധന വില വരും ദിവസങ്ങളില്‍ ഇനിയും ഉയരാനാണ് സാധ്യത.
തലസ്ഥാന നഗരമായ ഡല്‍ഹിയിലും പെട്രോള്‍ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ.് പെട്രോളിന് ഡല്‍ഹിയില്‍- ലിറ്ററിന് 83.41 രൂപ. ഡീസല്‍ വില 73.61 രൂപയും എത്തി. ഡല്‍ഹിയില്‍ പെട്രോള്‍ വില 28 പൈസയും ഡീസല്‍ വില 29 പൈസയും ആണ് കൂടിയത്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. 90.05 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 80 രൂപയും കവിഞ്ഞു.
സെപ്തംബര്‍ 22 മുതല്‍ നവംബര്‍ 20 വരെ പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒക്ടോബര്‍ 2 മുതല്‍ ഡീസല്‍ വിലയും. എന്നാല്‍ അതിന് ശേഷം ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ചെറിയ തുകയാണ് കൂടുന്നതെങ്കിലും ദിവസങ്ങള്‍ കൊണ്ട് അത് വലിയ തുകയായി മാറുകയാണ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ അസംസ്‌കൃത എണ്ണവിപണി ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍ ആണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിക്കൊണ്ടിരിക്കുകയും ആണ്. അത് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. അസംസ്‌കൃത എണ്ണവില കൂടുന്നതിന് അനുസരിച്ച് ഇന്ത്യയില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കൂടുമെന്ന് ഉറപ്പാണ്. അസംസ്‌കൃത എണ്ണവില കുറഞ്ഞതിന് അനുസരിച്ച് ഇന്ത്യയില്‍ ഇന്ധനവില കുറഞ്ഞിരുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടെ ഇന്ധന വില കൂടി കൂടിയാല്‍ അത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും സൃഷ്ടിക്കുക എന്ന് ഉറപ്പാണ്.
എണ്ണക്കമ്പനികളുടെ ദിവസേനയുള്ള വിലവര്‍ധന ഇത്തരത്തില്‍ തുടര്‍ന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വിലയെത്താന്‍ അധിക ദിവസം വേണ്ടിവന്നേക്കില്ല. കോവിഡ് പ്രതിസന്ധിയില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ ഇന്ധനവില വര്‍ധന മൂലം നട്ടം തിരിയുകയാണ്. അവശ്യസാധനങ്ങള്‍ക്കുണ്ടാകുന്ന വിലക്കയറ്റമാണ് ഇന്ധനവില വര്‍ധന മൂലമുണ്ടാകുന്ന ഏറ്റവും വലിയ ഭവിഷ്യത്ത്. മഹാമാരിയെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പണമാവശ്യമാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴും ജനങ്ങളുടെ ദുരിതം കുറയണമെങ്കില്‍ നികുതി കുറയണം.
കോവിഡ് കാലത്തു രണ്ടു തവണയാണു കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയത്. മാര്‍ച്ചില്‍ 3 രൂപയും മേയില്‍ 10 രൂപ പെട്രോളിനും 13 രൂപ ഡീസലിനും കൂട്ടി. ലോക്ഡൗണിനെ തുടര്‍ന്നു കേന്ദ്രസര്‍ക്കാരിനുണ്ടായ നികുതി നഷ്ടം മൂലമാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. രാജ്യാന്തര വിപണിയില്‍ ആ സമയത്തു എണ്ണവില കുത്തനെ കുറഞ്ഞതിനാല്‍ നികുതി വര്‍ധന ഉപയോക്താക്കളെ നേരിട്ടു ബാധിച്ചില്ല. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിച്ചില്ല. പക്ഷേ, സര്‍ക്കാര്‍ നികുതി നഷ്ടവും എണ്ണക്കമ്പനികള്‍ കച്ചവടം കുറഞ്ഞതിന്റെ നഷ്ടവും ഇക്കാലയളവില്‍ നികത്തി. കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരും ഉയര്‍ന്ന നികുതിയാണ് ഇന്ധനത്തില്‍ നിന്ന് ഈടാക്കുന്നത്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും മൂല്യവര്‍ധിത നികുതി കേരളം ഈടാക്കുന്നുണ്ട്.