ചൈനയെ ബഹിഷ്‌കരിക്കാനുള്ള നീക്കം ശക്തം; ബോയ്‌ക്കോട്ട് ചൈന ക്യാമ്പയ്ന്‍ സജീവം; ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ചൈനയുടെ സഹായമില്ലാതെ വളരുമോ? ചൈനയെ ബഹിഷ്‌കരിച്ചാല്‍ എന്ത് സംഭവിക്കും?

June 19, 2020 |
|
News

                  ചൈനയെ ബഹിഷ്‌കരിക്കാനുള്ള നീക്കം ശക്തം; ബോയ്‌ക്കോട്ട് ചൈന ക്യാമ്പയ്ന്‍ സജീവം; ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ചൈനയുടെ സഹായമില്ലാതെ വളരുമോ? ചൈനയെ ബഹിഷ്‌കരിച്ചാല്‍ എന്ത് സംഭവിക്കും?

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണ്. ബോയ്‌ക്കോട്ട് ചൈന ക്യാമ്പയ്ന്‍ സജീവവുമാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ക്രമേണ ചൈനയുമായുള്ള സഹകരണം അവസാനിപ്പിക്കാനും നിര്‍ദേശവുമുണ്ട്. പക്ഷേ ചൈനയെ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാകുമോ? ചൈനയെ ബഹിഷ്‌കരിക്കല്‍ പറയുന്നതുപോലെ എളുപ്പമായിരിക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയെ മാറ്റിനിര്‍ത്തുന്നത് ഫാര്‍മ, ഇലക്ട്രോണിക്സ് മേഖലകളെയായിരിക്കും ഏറ്റവും ബാധിക്കുന്നതെങ്കിലും സപ്ലൈ ചെയ്ന്‍ തടസപ്പെടുന്നത് രാജ്യത്തെ വിവിധ ബിസിനസുകളുടെ പ്രവര്‍ത്തനം താറുമാറാക്കും. 

ഒരു രാജ്യത്തിനും സ്വതന്ത്രമായ ഒരു നിലനില്‍പ്പില്ല. പരസ്പരസഹകരണത്തോടെയേ പോകാനാകൂ. ആഭ്യന്തര ഉല്‍പ്പാദനവും ആഭ്യന്തര ഉപഭോഗവും മാത്രമായി നിലനില്‍ക്കാനാകില്ല. ഇന്ത്യയുടെയും ചൈനയുടെയും ഫ്രീ ഇക്കണോമിയാണ്. ഇരുകൂട്ടരും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ഒപ്പിട്ടിട്ടുള്ളവരാണ്. ഒരുപരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാകില്ല. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം തന്നെ ഒത്തുതീര്‍പ്പിലേക്ക് എത്തിയിരിക്കുകയാണ്. ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങളേയും അത് ബാധിക്കുന്നതുമാണ്.

ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളായ പേടിഎം, സൊമാറ്റോ, ഉഡാന്‍, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയവയ്‌ക്കെല്ലാം ചൈനീസ് നിക്ഷേപകര്‍ വളരെ വലിയ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശക്തമായി കൊണ്ടിരിക്കെ ചൈനീസ് നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളില്‍ നിന്ന് പിന്‍വലിയാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍.

അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ ബിസിനസിനെ ബാധിക്കുമോയെന്ന് ഇക്കണോമിക് ടൈംസിന്റെ ചോദ്യത്തിന് മിക്ക സംരംഭകരും ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ ചില പ്രമുഖ റിസ്‌ക് ക്യാപിറ്റല്‍ നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്‌ഫോളിയോകളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം. നാല് ഫണ്ടുകളിലായി ഏകദേശം 800 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ബെംഗളൂരു ആസ്ഥാനമായ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം, പരിമിത പങ്കാളികളുടെ പട്ടികയില്‍ ചൈനീസ് അല്ലെങ്കില്‍ ചൈനീസ് വംശജരായ നിക്ഷേപകരെ ഉള്‍പ്പെടുത്തിയിട്ടില്ല.

ചൈനീസ് നിക്ഷേപകര്‍ ആഴത്തില്‍ നിക്ഷേപിച്ചിട്ടുള്ള ബിസിനസുകള്‍ക്ക് ഈ ഘട്ടത്തില്‍ പിന്നോട്ട് പോകാനാകില്ലെന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ തുടക്കക്കാരായ സ്റ്റാര്‍ട്ട് അപ് കമ്പനികളെ നിലവിലെ പ്രതിസന്ധി ദോഷകരമായി ബാധിച്ചേക്കാം. ചൈനീസ് നിക്ഷേപകര്‍ 2019 ല്‍ 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. 2018 ല്‍ ഇത് 2 ബില്യണ്‍ ഡോളറായിരുന്നു.

ഏപ്രിലില്‍ സര്‍ക്കാരില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള നിക്ഷേപം മന്ദഗതിയിലായപ്പോള്‍, യുഎസ്, യുകെ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ചൈനീസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകര്‍ ഇന്ത്യയുടെ പുതിയ വിദേശ നിക്ഷേപ നയത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നതായാണ് വിവരം.

വിദേശ ഫണ്ടിംഗിനെ ആശ്രയിച്ച് തുടരുന്ന രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ചൈനയുടെ നിക്ഷേപം പിന്‍വലിക്കല്‍ തിരിച്ചടിയാകുമോയെന്നാണ് നിലവിലെ ആശങ്ക. നിലവില്‍ ചൈന വിരുദ്ധതയിലേയ്ക്കാണ് രാജ്യം നീങ്ങുന്നത്. ഈ പരിതസ്ഥിതിയില്‍ ഒരു കമ്പനി ചൈനയില്‍ നിന്ന് മൂലധനം സ്വീകരിക്കുന്നത് അപകടകരമായിരിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ എക്സ്പോര്‍ട്ട് & ഇംപോര്‍ട്ട് ഡാറ്റ ബാങ്ക് അനുസരിച്ച് 2018-19 കാലഘട്ടത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മൂന്ന് പ്രധാന വിഭാഗങ്ങളിലെ ഇറക്കുമതി ഇവയായിരുന്നു. ഇലക്ട്രിക്കല്‍ എക്വിപ്മെന്റ്: 20.63 ബില്യണ്‍ ഡോളര്‍, ന്യൂക്ലിയര്‍ റിയാക്ടേഴ്സ്: 13.4 ബില്യണ്‍ ഡോളര്‍, കെമിക്കല്‍സ്: 8.6 ബില്യണ്‍ ഡോളര്‍. എന്നാല്‍ 2018-19ല്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി നടത്തിയ പ്രധാന വിഭാഗങ്ങള്‍ ഓര്‍ഗാനിക് കെമിക്കല്‍സ്: 3.25 ബില്യണ്‍ ഡോളര്‍, മിനറല്‍ ഫ്യൂവല്‍സ്: 2.86 ബില്യണ്‍ ഡോളര്‍, പരുത്തി: 1.79 ബില്യണ്‍ ഡോളര്‍ എന്നിവയാണ്.

ലോക്ഡൗണ്‍ കാലത്തുതന്നെ ചൈനയില്‍ നിന്നുള്ള വിതരണം തടസപ്പെട്ടത് ഇന്ത്യയുടെ ഓട്ടോമൊബീല്‍ മുതല്‍ ടെക് മേഖലകളെയും ഫാര്‍മ മേഖലയെയും വരെ ബാധിച്ചത് നാം കണ്ടതാണ്. അതിര്‍ത്തിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അത്തരത്തിലുള്ള സ്ഥിതിവിശേഷം വീണ്ടുമുണ്ടാകുന്നതിന് വഴിതെളിച്ചേക്കാം. അതിനാല്‍ ചൈനയെ ബഹിഷ്‌കരിക്കുന്നതിന് മുമ്പ് നാം കൂടുതല്‍ മല്‍സരക്ഷമമാകുകയാണ് വേണ്ടത്. നമ്മുടെ മാനുഫാക്ചറിംഗ് മേഖലയുടെ നിലവാരം ഉയര്‍ത്തി അവരുടെ ഉല്‍പ്പന്നങ്ങളുമായി കിടപിടിക്കത്തക്ക രീതിയിലേക്ക് എത്തണം.

Related Articles

© 2025 Financial Views. All Rights Reserved