19.16 കോടി രൂപയുടെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തി ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്

March 30, 2022 |
|
News

                  19.16 കോടി രൂപയുടെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തി ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്

ന്യൂഡല്‍ഹി: ഒറ്റത്തവണ പുനഃസംഘടിപ്പിക്കല്‍ പദ്ധതി (ഒടിആര്‍-വണ്‍ ടൈം റീസ്ട്രക്ചറിംഗ് പ്ലാന്‍) പ്രകാരം വായ്പാ ദാതാക്കള്‍ക്ക് 19.16 കോടി രൂപ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായി ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്. പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്കാണ് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. രണ്ടാം തവണയാണ് കമ്പനി വീഴ്ച വരുത്തിയിരിക്കുന്നത്. 19.16 കോടി രൂപ തിരിച്ചടയ്ക്കാനുള്ള അവസാന തിയതി ഈ മാസം 28 ആയിരുന്നു.

എന്നിരുന്നാലും 2020 ഓഗസ്റ്റ് ആറിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരവും തിരിച്ചടവിന്റെ വ്യവസ്ഥകള്‍ പ്രകാരംവും തുക അടയ്ക്കാനുള്ള നിശ്ചിത തിയതി മുതല്‍ 30 ദിവസത്തെ അവലോകന കാലയളവുണ്ടെന്ന് ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് അറിയച്ചു. ഒറ്റത്തവണ പുനഃസംഘടിപ്പിക്കല്‍ പദ്ധതി അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിനും കാനറ ബാങ്കിനും 93.99 കോടി രൂപ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി മാര്‍ച്ച് 25 ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 23 ആയിരുന്നു തിരിച്ചടവിനുള്ള അവസാന തീയതി.

2020 ഓഗസ്റ്റ് ആറിലെ റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പ്രകാരം ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ഉള്‍പ്പെടെ നിരവധി ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികള്‍ അതത് വായ്പാ ദാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികള്‍ക്കുള്ള പരിഹാര മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഫ്യൂച്ചര്‍ റീട്ടെയില്‍ ജനുവരിയില്‍ ഒടിആര്‍ പദ്ധതി പ്രകാരം 3,494.56 കോടി രൂപയാണ് ബാങ്കുകള്‍ക്കുള്ള തിരിച്ചടവില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. 2020 ഓഗസ്റ്റില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ച 24,713 കോടി രൂപയുടെ ഇടപാടിന്റെ ഭാഗമാണ് ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്. റീട്ടെയില്‍, മൊത്തവ്യാപാരം, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് ആസ്തികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന 19 കമ്പനികളെ ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് റീട്ടെയിലിന് വില്‍ക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved