
ന്യൂഡല്‍ഹി: റിലയന്‍സ് റീട്ടെയിലുമായുള്ള 24,713 കോടി രൂപയുടെ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരാനുളള ഡല്‍ഹി ഹൈക്കോടതി ഉത്തരവുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് അറിയിച്ചു. ഇതോടെ ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് നിയമ പോരാട്ടം കടുക്കുമെന്നുറപ്പായി.
റിലയന്‍സുമായുള്ള കരാര്‍ നടന്നില്ലെങ്കില്‍, ഇത് ഗ്രൂപ്പിന് 'സങ്കല്‍പ്പിക്കാനാവാത്ത' നാശനഷ്ടമുണ്ടാക്കുമെന്നും 35,575 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം ഉള്‍പ്പെടെ, ഏകദേശം 280 ബില്യണ്‍ രൂപയുടെ (3.81 ബില്യണ്‍ ഡോളര്‍) ബാങ്ക് വായ്പകളിലും ഡിബഞ്ചറുകളിലും പ്രതിസന്ധി നേരിട്ട് കമ്പനി അപകടത്തിലേക്ക് നീങ്ങുമെന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. ഈ പെറ്റീഷന്‍ കേള്‍ക്കേണ്ടതിന്റെ അടിയന്തിര സാഹചര്യമുണ്ടെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് അഭിഭാഷകന്‍ യുഗാന്ധര പവാര്‍ സുപ്രീം കോടതി ഫയലിംഗില്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.