
കാലാവധി അവസാനിക്കുന്നതിന് മുമ്പ് 35 ബില്യണ്‍ രൂപ (471 മില്യണ്‍ ഡോളര്‍) അടയ്ക്കാന്‍ കഴിയാതെ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്. കൂടാതെ വരാനിരിക്കുന്ന 14 മില്യണ്‍ ഡോളര്‍ ബോണ്ട് കൂപ്പണ്‍ ഡെഡ്ലൈനും നഷ്ടമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. വാര്‍ത്തയെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരി ഇടിഞ്ഞു. ഏകദേശം മൂന്നാഴ്ചയ്ക്കിടെയുള്ള ഏറ്റവും വലിയ ഇടിവിനാണ് വെള്ളിയാഴ്ച കമ്പനി സാക്ഷ്യം വഹിച്ചത്.
ആമസോണ്‍ ഡോട്ട് കോം ഇന്‍കോര്‍പ്പറേഷനുമായുള്ള നിയമപരമായ തര്‍ക്കത്തില്‍ കുടുങ്ങിയത് കാരണം ഫണ്ട് സ്വരൂപിക്കാനുള്ള കഴിയാത്ത അവസ്ഥയിലാണ്. കടം മടക്കാനുള്ള ഡിസംബര്‍ 31 സമയപരിധി ഇതിനകം നഷ്ടമായതിനാല്‍, പണം കണ്ടെത്താന്‍ ഫ്യൂച്ചറിന് ഈ മാസം അവസാനം വരെ സമയം ലഭിച്ചിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ കഴിയില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ 500 മില്യണ്‍ ഡോളര്‍ ബോണ്ടില്‍ ജനുവരി 22-ന് കൂപ്പണ്‍ പേയ്മെന്റ് നടത്താനും കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ കമ്പനി തയാറായിട്ടില്ല.