
ദില്ലി: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യാപാര ചരക്ക് കയറ്റുമതി 330-340 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍. ആഗോള വ്യാപാരത്തില്‍ മിതമായ പങ്കാണ് ഇന്ത്യയ്ക്ക് ഉള്ളതെങ്കിലും ലോകവ്യാപകമായ ഇറക്കുമതി സാഹചര്യങ്ങളില്‍ നിലനിന്നിരുന്ന പ്രവണത ഇന്ത്യന്‍ കയറ്റുമതിയിലും സ്വാധീനിച്ചിരുന്നു. ആഗോള ഇറക്കുമതി കുറയുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതിയിലും ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. 2019 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവുകളില്‍ ഇന്ത്യന്‍ ചരക്ക് കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കിയാല്‍ 1.99 ശതമാനം കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ കയറ്റുമതി 330-340 ബില്യണഅ# ഡോളറായിരിക്കുമെന്നാണ് എഫ്‌ഐഇഓ റിപ്പോര്‍ട്ട്.
2018-19ല്‍ കയറ്റുമതി 331 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. നിലവില്‍ ഇന്ത്യന്‍ കയറ്റുമതിക്കായി ലഭിച്ചിരിക്കുന്ന ഓര്‍ഡറുകള്‍ മികച്ച നിലയിലാണെന്നത് പോസിറ്റീവായ കാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യമിടിവും കയറ്റുമതി മേഖലയിലുള്ളവര്‍ക്ക് ഗുണകരമായി ഭവിക്കും. പണമൊഴുക്കിന്റെ സാഹചര്യം രാജ്യത്ത് മെച്ചപ്പെടുന്നതായും വിലയിരുത്തലുണ്ട്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റും ലോജിസ്റ്റിക് മേഖലയിലെ പദ്ധതികളും ഇന്ത്യന്‍ കയറ്റുമതിയുടെ മത്സരക്ഷമത ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.