
റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ലോകത്ത് നിന്നും തുടച്ചുമാറ്റുന്നതിനുള്ള പ്രതിരോധ ശ്രമങ്ങള്‍ക്ക് 500 മില്യണ്‍ ഡോളര്‍ സഹായവാഗ്ദാനവുമായി സൗദി അറേബ്യ. പുതിയ പകര്‍ച്ചവ്യാധികള്‍ക്കെതിരായ വാക്‌സിനുകളെ കുറിച്ച് ഗവേഷണം നടത്തുന്ന സിഇപിഐ സംഘടനയ്ക്ക് 150 മില്യണ്‍ ഡോളറും ഗ്ലോബല്‍ അലിയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന് 150 മില്യണ്‍ ഡോളറും അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളിലുള്ള മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് 200 മില്യണ്‍ ഡോളറുമാണ് സൗദി സഹായമായി അനുവദിച്ചിരിക്കുന്നത്.
കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് വേണ്ടുന്ന എട്ട് ബില്യണ്‍ ഡോളറിലേറെ വരുന്ന ഫണ്ടിംഗ് അപര്യാപ്തത നികത്താന്‍ ലോകരാജ്യങ്ങളും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും മനുഷ്യസ്‌നേഹികളും സ്വകാര്യ മേഖലകളും മുന്നോട്ടുവരണമെന്ന് ജി20 സംഘടനയുടെ അധ്യക്ഷസ്ഥാനം കൂടിയുള്ള സൗദി അറേബ്യ ആവശ്യപ്പെട്ടു.
നിലവിലെ ആഗോള പ്രതിസന്ധിയെ രാജ്യം ശക്തമായാണ് നേരിടുന്നതെന്ന് ജി20 യോഗത്തില്‍ സൗദി ധനമന്ത്രി മുഹമ്മദ് അല്‍-ജദാന്‍. രാജ്യത്തെ വലിയ സാമ്പത്തിക ശേഖരങ്ങളും താരതമ്യേന കുറഞ്ഞ നിലയിലുള്ള വായ്പാ ബാധ്യതകളും കൊറോണ വൈറസ് പ്രതിസന്ധി മൂലമുള്ള ആഗോള സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ സൗദിക്ക് ശക്തി നല്‍കുമെന്ന് മന്ത്രി അവകാശപ്പെട്ടു. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുമായും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുമായും നടത്തിയ വിര്‍ച്വല്‍ മീറ്റിംഗിലാണ് അല്‍-ജദാന്‍ ഇക്കാര്യം പറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യമായിരിക്കും ഈ വര്‍ഷം ലോക സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുകയെന്നും അല്‍-ജദാന്‍ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസില്‍ നിന്നും പൗരന്മാരുടെയും രാജ്യത്ത് വസിക്കുന്ന വിദേശികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ക്കാണ് സൗദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച പെട്ടെന്ന് തിരിച്ചുപിടിക്കുന്നതിനും റിസ്‌കുകള്‍ ഒഴിവാക്കുന്നതിനും വേണ്ട സുതാര്യമായ ധനകാര്യ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മന്ത്രി സംസാരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും വേണ്ടി വന്നാല്‍ കോവിഡ്-19 പ്രതിരോധത്തിനായി കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും അല്‍-ജദാന്‍ ജി20 രാഷ്ട്രങ്ങളോട് പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ പിന്‍പറ്റിയുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ജി20 രാജ്യങ്ങളുടെ ആവശ്യങ്ങളില്‍ അയവോടെയുള്ള സമീപനം തുടരണമെന്ന് അല്‍-ജദാന്‍ അന്താരാഷ്ട്ര നാണ്യനിധിയോട് ആവശ്യപ്പെട്ടു. അംഗരാജ്യങ്ങള്‍ക്കായി 1 ട്രില്യണ്‍ ഡോളര്‍ വരെ വായ്പ നല്‍കാനുള്ള ശേഷി ഐഎംഎഫിന് ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധനങ്ങള്‍ക്ക് അന്യായമായി വില കൂട്ടുന്നതടക്കമുള്ള വാണിജ്യ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ 1 മില്യണ്‍ സൗദി റിയാല്‍ വരെ (266,119 ഡോളര്‍) പിഴ ചുമത്താന്‍ സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം തീരുമാനിച്ചു. ഇത്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് പിഴയുടെ 25 ശതമാനം പ്രതിഫലമായി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള വാണിജ്യ തട്ടിപ്പുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ പിഴയുടെ 30 ശതമാനം തുക പ്രതിഫലമായി നല്‍കും.
നിലവിലെ അവസ്ഥ മുതലെടുക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് വാണിജ്യ മന്ത്രാലയം വക്താവ് അറിയിച്ചു. സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്ന വ്യാപാരികളില്‍ നിന്ന് 10 മില്യണ്‍ റിയാല്‍ വരെ പിഴ ഈടാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ജനങ്ങള്‍ സാധനങ്ങള്‍ അമിതമായി സംഭരിക്കരുതെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഭക്ഷണ മാലിന്യം 30 ശതമാനത്തിലെത്തിയ സ്ഥിതിയില്‍ മിതമായ ഭക്ഷ്യോപയോഗം ശീലമാക്കണമെന്നും മന്ത്രാലയം പറഞ്ഞു. സൗദിയിലെ ആകെ ഏഴായിരത്തിനടുത്ത് ആളുകളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 71 പേരുടെ നില ഗുരുതരമാണ്. വൈറസ് ബാധിച്ച് രാജ്യത്ത് ആകെ 83 പേര്‍ മരിച്ചു.