
ന്യൂഡല്‍ഹി: 2021-22 മൂന്നാം പാദത്തില്‍ മികച്ച വരുമാനവും ലാഭവും നേടിയ പ്രമുഖ പൊതുമേഖലാ പ്രകൃതി വാതക ഉല്‍പ്പാദക കമ്പനിയായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ് റെക്കോര്‍ഡ് ഇടക്കാല ലാഭ വിഹിതമായി 50 ശതമാനം പ്രഖ്യാപിച്ചു (ഒരു ഓഹരിക്ക് 5 രൂപ). മാര്‍ച്ചില്‍ കമ്പനിയുടെ മൊത്തം ലാഭ വിഹിതം 2220.19 കോടി രൂപയിലെത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഡിസംബറില്‍ ഇടക്കാല ലാഭ വിഹിതമായ ഒരു ഓഹരിക്ക് 4 രൂപ പ്രഖ്യാപിച്ചിരുന്നു. രണ്ട് ഇടക്കാല ലാഭ വിഹിതം ചേര്‍ക്കുമ്പോള്‍ മൊത്തം ലാഭവിഹിതം റെക്കോര്‍ഡ് 90 ശതമാനം.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന കമ്പനിയായ ഗെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡ് മാര്‍ച്ച് 11 ന് നടന്ന യോഗത്തിലാണ് ഡിവിഡന്റ് നല്‍കാനുള്ള തീരുമാനമെടുത്തത്. 2021-22 മൂന്നാം പാദത്തില്‍ മൊത്തം 22,776 കോടി വരുമാനം ലഭിച്ച ഗെയിലിനു നികുതിക്ക് ശേഷമുള്ള ലാഭം 15 ശതമാനം ഉയര്‍ന്ന് 3288 കോടി രൂപയായി. കമ്പനി ഓഹരിയുടമകള്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ സ്ഥിരമായ ദീര്‍ഘകാല വരുമാനം നല്‍കിയിട്ടുണ്ടെന്ന് ഗെയില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിന്‍ പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ (51.45 ശതമാനം) നിലവിലെ ഓഹരിയുടെ അടിസ്ഥാനത്തില്‍, 1,142.29 കോടി രൂപ ലാഭവിഹിതം സര്‍ക്കാരിനും, 1,077.90 കോടി രൂപ മറ്റ് ഓഹരിയുടമകള്‍ക്കും നല്‍കും.
ജനുവരിയില്‍ രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ കലര്‍ന്ന പ്രകൃതി വാതകം ഉല്‍പാദിപ്പിക്കാന്‍ ഗെയില്‍ ഇന്ത്യ മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിച്ചു. ഇത് കൂടാതെ ഒഎന്‍ജിസി ത്രിപുര കമ്പനിയില്‍ 26 ശതമാനം ഓഹരികള്‍ കരസ്ഥമാക്കുകയും ചെയ്തു. ഗ്യാസ് അടിസ്ഥാനമാക്കിയുള്ള സംയുക്ത വൈദ്യുത നിലയം നടത്തുന്ന കമ്പനിയാണ് ഒഎന്‍ജിസി ത്രിപുര.