പരിസ്ഥിതിസൗഹൃദ ഊര്‍ജമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഗെയില്‍; 5,000 കോടി രൂപയുടെ പദ്ധതി

July 03, 2021 |
|
News

                  പരിസ്ഥിതിസൗഹൃദ ഊര്‍ജമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഗെയില്‍; 5,000 കോടി രൂപയുടെ പദ്ധതി

മുംബൈ: പരിസ്ഥിതിസൗഹൃദ ഊര്‍ജമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി പൊതുമേഖലാ കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍). വളരെ പെട്ടെന്ന് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഊര്‍ജമേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് 5,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതികള്‍ക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിടുന്നു.

രണ്ടു പ്രധാനപദ്ധതികളാണ് നടപ്പാക്കുകയെന്ന് കമ്പനി ചെയര്‍മാന്‍ മനോജ് ജെയിന്‍ പറയുന്നു. എഥനോള്‍ ഉത്പാദനം, നഗരമാലിന്യത്തില്‍നിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം എന്നിവയാണ് ഇതിലൊന്ന്. 1,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. 2025 -ഓടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള എഥനോള്‍ ലഭ്യമാക്കുകയാണ് ഉത്പാദനത്തിലൂടെ ലക്ഷ്യമിടുന്നത്.

വാഹനങ്ങള്‍ക്കും ഗാര്‍ഹിക ഉപഭോഗത്തിനും മലിനീകരണം കുറഞ്ഞ ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസ് ലഭ്യമാക്കുകയാണ് മറ്റൊരു പദ്ധതി. ഇതിനായി തുടക്കത്തില്‍ റാഞ്ചിയില്‍ ദിവസം അഞ്ചുടണ്‍ വാതകം ഉത്പാദിപ്പിക്കാന്‍ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കും. ഇവിടെനിന്ന് 25 ടണ്‍ ജൈവവളവും ലഭിക്കും.4,000 കോടി രൂപ ചെലവില്‍ മൂന്നുമുതല്‍ നാലുവരെ വര്‍ഷമെടുത്ത് പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതോത്പാദനശേഷി നിലവിലെ 120 മെഗാവാട്ടില്‍നിന്ന് ഒരു ജിഗാവാട്ടായി ഉയര്‍ത്താനാണ് മറ്റൊരു പദ്ധതി.

വാതക പൈപ്പ്ലൈന്‍ പദ്ധതിയിലായിരിക്കും തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെങ്കിലും ഇതിനൊപ്പം മറ്റു മേഖലകളിലേക്കുകൂടി കടക്കാനാണ് തീരുമാനമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ഗെയിലിന്റെ പൈപ്പ് ലൈനുകളും വാതകവിപണനവും പ്രത്യേക കമ്പനികളാക്കി മാറ്റാനുള്ള കേന്ദ്രതീരുമാനം അടുത്തിടെ ഉപേക്ഷിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved