
ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറി ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഇന്നലെ അദ്ദേഹത്തിന്റെ ആസ്തി 88.5 ബില്യണ്‍ ഡോളറിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിയുടെ റെക്കോര്‍ഡാണ് അദാനി ഭേദിച്ചത്. മുകേഷ് അംബാനിക്ക് 87.9 ബില്യണ്‍ ഡോളറാണ് ആസ്തി. തന്റെ ആസ്തിയില്‍ ഈ വര്‍ഷം 12 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അദാനി സ്വന്തമാക്കിയത്. ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് നേടിയ വ്യക്തികൂടിയായി മാറിയിട്ടുണ്ട് അദ്ദേഹം.
കല്‍ക്കരി, തുറമുഖ ബിസിനസുകളില്‍ ഒതുങ്ങിയിരുന്ന അദാനിയുടെ ബിസിനസ് സാമ്രാജ്യം ചെറുകിട ചരക്ക് വ്യാപാരമേഖലയിലേക്ക് കൂടി കടന്നതാണ് ഈ നേട്ടത്തിനിടയാക്കിയത്. അദാനിയുടെ ഓസ്ട്രേലിയന്‍ ഖനി പദ്ധതി വന്‍ വിവാദമായിരുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, പ്രതിരോധ കരാറുകള്‍ എന്നിവയിലേക്ക് ബിസിനസ് വിപുലീകരണത്തിനൊരുങ്ങുകയാണ് അദാനി. അദാനി ഗ്രൂപ്പിന്റെ ചില ഓഹരികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 600% ത്തിലധികം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകളില്‍ കൂടുതല്‍ അദാനി കമ്പനികളെ ഉള്‍പ്പെടുത്താന്‍ എംഎസ് സിഐ ഐഎന്‍സി തീരുമാനം എടുത്തിരുന്നു.
ആസ്തികളുടെ കാര്യത്തില്‍ വര്‍ഷങ്ങളോളം അംബാനിക്ക് രണ്ടാംസ്ഥാനക്കാരനായിരുന്നു അദാനി. എന്നാല്‍, സമീപകാലത്തായി ആസ്തി വര്‍ധനയുടെ വേഗത വര്‍ധിപ്പിച്ചു. അതുകൊണ്ട് തന്നെ ഓഹരി വിപണികളില്‍ അദാനി ഗ്രൂപ്പിന് കൂടുതല്‍ വിശ്വാസ്യത ലഭിച്ചു. അതേസമയം, സൗദി ആരാംകോ പോലുള്ള വമ്പന്‍ ഡീലുകളില്‍ നിന്ന് റിലയന്‍സ് ഇന്റസ്ട്രീസ് പിന്മാറിയത് ഓഹരി വിപണിയില്‍ അംബാനിക്ക് തിരിച്ചടി സമ്മാനിച്ചിരുന്നു.
ഹുറൂണ്‍ പട്ടിക അനുസരിച്ച് അദാനിയുടെ ഒരു ദിവസത്തെ വരുമാനം 1,002ല്‍പരം രൂപയാണ്.ഇന്ത്യയില്‍ ഒരു ലക്ഷം കോടി ആസ്തിയുള്ള അഞ്ചു കമ്പനികളുള്ള ഒരേ ഒരു ബിസിനസുകാരനും അദാനിയാണ്. അദാനി ഗ്രൂപ്പ് എല്ലാ മേഖലകളിലും പ്രവേശിച്ചത് ശരിയായ സമയത്താണ്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കാനും ആ ബ്രാന്റിന് സാധിച്ചിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ബ്രോക്കറേജ് സ്ഥാപനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.